ഞങ്ങൾ എന്തിനാണ് വൈറ്റ് പേപ്പർ ഇറക്കുന്നത്, ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ: കെ എൻ ബാലഗോപാൽ

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളുടെ ധവളപത്രം ഇറക്കാൻ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവിന് ധനമന്ത്രിയുടെ മറുപടി

ഞങ്ങൾ എന്തിനാണ് വൈറ്റ് പേപ്പർ ഇറക്കുന്നത്, ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ: കെ എൻ ബാലഗോപാൽ
dot image

തിരുവനന്തപുരം: കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളുടെ ധവളപത്രം ഇറക്കാൻ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റിൽ പ്രഖ്യാപിച്ചതൊന്നും നടപ്പിലാക്കില്ല എന്നാണ് സതീശൻ പറഞ്ഞതെന്നും നടപ്പാക്കിയില്ലെങ്കിൽ അത് പറയാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ബാലഗോപാൽ പറഞ്ഞു. തങ്ങൾ എന്തിനാണ് വൈറ്റ് പേപ്പർ ഇറക്കുന്നതെന്ന് ചോദിച്ച മന്ത്രി, ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും വ്യക്തമാക്കി.

ബജറ്റിൽ ക്ഷേമ പെൻഷൻ വർധന പ്രഖ്യാപിക്കാത്തതിലും മന്ത്രി വിശദീകരണം നൽകി. നവംബറിൽ ക്ഷേമ പെൻഷൻ കൂട്ടിയിരുന്നു. അതുകൊണ്ടാണ് ബജറ്റിൽ കൂട്ടാത്തതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രകടന പത്രികയിൽ പറയുന്നതെല്ലാം നടപ്പിലാക്കാനുള്ളതാണ്. കേന്ദ്രം സാമ്പത്തികമായി ഞ്ഞെരുക്കുമ്പോൾ സർക്കാർ ബുദ്ധിമുട്ടുകയാണെന്നും മന്ത്രി പറഞ്ഞു.

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ, വിദ്യാർത്ഥികളുടെ അപകട ഇൻഷുറൻസ് പരിരക്ഷ, ആശമാരുടെ വേതന വർധന, ആർട്‌സ് ആന്റ് സയൻസ് കോളേജിലെ സൗജന്യ ബിരുദ വിദ്യാഭ്യാസം തുടങ്ങി വിവിധ പ്രഖ്യാപനങ്ങളാണ് ബജറ്റിലുണ്ടായത്.

എന്നാൽ കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ജനം വിശ്വസിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ചാണ് സർക്കാർ ബജറ്റ് അവതരിപ്പിച്ചത്. രാഷ്ട്രീയം കലർത്തി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി. പത്തുവർഷം ചെയ്യാത്ത കാര്യങ്ങളിൽ മാറ്റം ഉണ്ടാകുമെന്ന അവകാശവാദമാണ് നടത്തുന്നത്. ബജറ്റിനെ പൊളിറ്റിക്കൽ ഡോക്യുമെന്റ് ആക്കി മാറ്റി. തെരഞ്ഞെടുപ്പിന് മുൻപേ ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്നും വി ഡി സതീശൻ ആരോപിച്ചു.

കേരളത്തിലെ സാമ്പത്തികരംഗം പരിതാപകരമാണ്. അഞ്ച് മാസമായി ട്രഷറി നിയന്ത്രണം നിലനിൽക്കുന്നു. സാമൂഹ്യ ക്ഷേമപെൻഷൻ 2,500 ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. നാലര കൊല്ലം പെൻഷൻ വർധിപ്പിക്കാതെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പെൻഷൻ വർധന. രാജ്യത്ത് ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. അധികാരത്തിൽ തിരിച്ചു വരില്ലെന്ന് എൽഡിഎഫിന് നന്നായി അറിയാം. അടുത്ത സർക്കാരാണ് ശമ്പളപരിഷ്‌കരണ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടത്. എല്ലാം അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെച്ചിരിക്കുകയാണ്. കിഎഫ്ബി പദ്ധതികൾ ഒന്നും നടക്കുന്നില്ല. ഈ ബജറ്റ് നടപ്പിലാക്കാൻ പോകുന്നില്ലെന്നും യുഡിഎഫ് സർക്കാർ ബജറ്റ് അവതരിപ്പിക്കുമെന്നും അതാവും നടപ്പിലാക്കുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

സമരം ചെയ്തപ്പോൾ ആശാവർക്കർമാരെയും അങ്കണവാടി ടീച്ചർമാരെയും പരിഹസിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ 1,000 രൂപ കൂട്ടിയിരിക്കുകയാണ്. സാമ്പത്തിക ബാധ്യത അടുത്ത സർക്കാറിന്റെ തലയിലാണ്. കഴിഞ്ഞ തവണ പ്രഖ്യാപിച്ച 70% പദ്ധതികളും നടപ്പിലാക്കിയിട്ടില്ലെന്ന് പറഞ്ഞ സതീശൻ, കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളുടെ ധവളപത്രം ഇറക്കാൻ കെ എൻ ബാലഗോപാലിനെ വെല്ലുവിളിക്കുകയായിരുന്നു.

Content Highlights:‌ kerala finance minister kn balagopal replies to opposition leader vd satheesan related with budget white paper challenge

dot image
To advertise here,contact us
dot image