

തിരുവനന്തപുരം: ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെന്നും സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും പ്രസംഗിക്കുന്ന ഇതേ പ്രതിപക്ഷ നേതാവ് തന്നെയാണ് മാസാമാസം കൃത്യമായി തന്റെ അലവന്‍സുകള്‍ ഇതേ ഖജനാവില്‍ നിന്ന് കൈപ്പറ്റുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു.
ഖജനാവ് അത്രയ്ക്ക് ശൂന്യമാണെങ്കില്‍ താങ്കള്‍ക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹം പ്രതിപക്ഷ നേതാവിനോട് ചോദിച്ചു. നാടിന്റെ വികസനത്തിനും പാവപ്പെട്ടവന്റെ ക്ഷേമത്തിനുമായി സര്‍ക്കാര്‍ നീക്കിവയ്ക്കുന്ന ഓരോ രൂപയും കൃത്യമായ ആസൂത്രണത്തോടെയാണ് വിനിയോഗിക്കുന്നതെന്നും പ്രതിപക്ഷ നേതാവിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പോലെ തന്നെ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പെന്‍ഷനും മറ്റ് ക്ഷേമ പദ്ധതികളും സര്‍ക്കാര്‍ കൃത്യമായി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖജനാവ് കാലിയാണെന്ന് പറയുന്നവര്‍ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും കാണാതെ പോകരുതെന്നും മന്ത്രി പറഞ്ഞു. ബജറ്റിലുളളത് വെറും വാക്കുകളല്ല, മറിച്ച് നാടിന്റെ പുരോഗതിയ്ക്കുളള കൃത്യമായ റോഡ് മാപ്പാണ്, അത് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ക്രിയാത്മകമായ വിമര്‍ശനങ്ങളാകാം എന്നാല്‍ സ്വന്തം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന അതേ ഖജനാവിനെ തളളിപ്പറഞ്ഞുകൊണ്ടാകരുതെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ചാണ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത് എന്നാണ് വി ഡി സതീശൻ പറഞ്ഞത്. രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തിയെന്നും പത്തുവര്‍ഷം ചെയ്യാത്ത കാര്യങ്ങളില്‍ മാറ്റം ഉണ്ടാകുമെന്ന അവകാശവാദമാണ് നടത്തുന്നതെന്നും സതീശൻ കുറ്റപ്പെടുത്തിയിരുന്നു. ബജറ്റിനെ പൊളിറ്റിക്കല്‍ ഡോക്യുമെന്റ് ആക്കി മാറ്റി. തെരഞ്ഞെടുപ്പിന് മുന്‍പേ ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.
Content Highlights: v sivankutty against vd satheesan for criticising state budget 2025