'കേരളത്തിൽ യഥാർത്ഥ ഇടതുപക്ഷം വി ഡി സതീശൻ'; റെജി ലൂക്കോസിന് പിന്നാലെ ഹസ്കറും CPIM ബന്ധം വിട്ടു; RSPയിൽ ചേരും

36 വർഷത്തെ സിപിഐഎം ബന്ധമാണ് ഹസ്കർ ഉപേക്ഷിച്ചത്

'കേരളത്തിൽ യഥാർത്ഥ ഇടതുപക്ഷം വി ഡി സതീശൻ'; റെജി ലൂക്കോസിന് പിന്നാലെ ഹസ്കറും CPIM ബന്ധം വിട്ടു; RSPയിൽ ചേരും
dot image

കൊല്ലം: ഇടത് നിരീക്ഷകനും ചാനൽ ചർച്ചകളിലെ സിപിഐഎമ്മിന്റെ മുഖവുമായിരുന്ന അഡ്വ. ബി എൻ ഹസ്കർ സിപിഐഎം ബന്ധം അവസാനിപ്പിച്ചു. ആർഎസ്പിയിൽ ചേരാനാണ് തീരുമാനം. ഇന്ന് വൈകിട്ട് നടക്കുന്ന ബേബി ജോൺ ചരമവാർഷിക സമ്മേളനത്തിൽ ഹസ്കർ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പമാണ് ഹസ്കർ വേദി പങ്കിടുക. പിന്നീട് ഹസ്കർ ആർഎസ്പിയിൽ അംഗത്വം സ്വീകരിക്കും.

36 വർഷത്തെ സിപിഐഎം ബന്ധമാണ് ഹസ്കർ ഉപേക്ഷിച്ചത്. വെള്ളാപ്പള്ളിയുമായുള്ള ബന്ധത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് പിന്നാലെ ഹസ്കറിനെ പാർട്ടി ശാസിച്ചിരുന്നു. ജീർണ്ണതയുടെ കാലഘട്ടത്തിലാണ് സിപിഐഎമ്മെന്നും ഒറ്റയ്ക്ക് നിന്ന് പൊരുതാൻ കഴിയില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആർഎസ്പിയിലേക്ക് പോകുന്നത് എന്നും ഹസ്കർ റിപ്പോർട്ടറിനോട് പറഞ്ഞു.

പിന്നാലെ വി ഡി സതീശനെയും രാഹുൽ ഗാന്ധിയെയും ഹസ്കർ പുകഴ്ത്തി. കേരളത്തിൽ വി ഡി സതീശനാണ് യഥാർത്ഥ ഇടതുപക്ഷമെന്നും ഇന്ത്യയിലെ യഥാർത്ഥ ഇടതുപക്ഷ ബദൽ രാഹുൽ ഗാന്ധി നടത്തുന്ന രാഷ്ട്രീയമാണെന്നും ഹസ്കർ കൂട്ടിച്ചേർത്തു.

ഒരു ചാനൽ ചർച്ചയിലാണ് വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതുമായി ബന്ധപ്പെട്ട് ഹസ്കർ മുഖ്യമന്തിയെ വിമർശിച്ചത്. പിന്നാലെ ഹസ്കറിനെ വിളിച്ചുവരുത്തിയാണ് പാർട്ടി ശാസിച്ചത്. സിപിഐഎമ്മിന്റെ ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലായിരുന്നു ശാസനം. സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദാണ് ഹസ്കറിനെ ശാസിച്ചത്. സംസ്ഥാന കമ്മിറ്റി നിർദേശിച്ച പ്രകാരമാണ് ഈ നിർദേശമെന്നും കർശനമായി പാലിക്കണമെന്നും സോമപ്രസാദ് ഹസ്കറിനെ അറിയിക്കുകയായിരുന്നു.

എന്നാൽ വിമർശനത്തിൽ നിന്ന് പിന്നോട്ടില്ല എന്നായിരുന്നു ഹസ്കറിന്റെ നിലപാട്. വിമർശനത്തിൽ ഉറച്ചനിൽക്കുന്നുവെന്നാണ് ഹസ്കർ അന്ന് വ്യക്തമാക്കിയത്. ആത്മവഞ്ചന ചെയ്ത വർത്തമാനം തനിക്ക് പറയാൻ കഴിയില്ല. അത് ഛർദ്ദിൽ ഉണ്ടാക്കുന്നത് പോലെയാണ്. തിരുത്തൽ ശക്തി എന്ന നിലയിലാണ് താൻ അത്തരം കാര്യങ്ങൾ പറഞ്ഞത് എന്നും പാർട്ടി അംഗം ചെയ്യേണ്ട ഉത്തരവാദിത്വം മാത്രമാണ് ചെയ്തത് എന്നും ഹസ്കർ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇടത് നിരീക്ഷകൻ എന്ന ലേബലാണ് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം നൽകുന്നത് എന്ന് പറഞ്ഞ ഹസ്കർ ഏത് നിരീക്ഷകനായാലും തന്റെ അഭിപ്രായം പറയുമെന്നും പറഞ്ഞിരുന്നു.

നേരത്തെ സിപിഐഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസും സിപിഐഎം ബന്ധം അവസാനിപ്പിച്ച് ബിജെപിയിൽ ചേർന്നിരുന്നു. പാർട്ടിയുടേത് ദ്രവിച്ച ആശയങ്ങളാണെന്നും ഈ രീതിയിൽ മുന്നോട്ട് പോയാല്‍ നമ്മുടെ നാട് വൃദ്ധസദനമായി മാറും എന്നും പറഞ്ഞായിരുന്നു റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നത്. കേരളത്തില്‍ സിപിഐഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുകയാണ് എന്നും റെജി ലൂക്കോസ് വിമർശിച്ചിരുന്നു.

Content Highlights: cpim face in tv debates b n haskar to join rsp and end cpim relationship

dot image
To advertise here,contact us
dot image