'സംഘത്തിന്റെ അഭിമാനമാണത്രേ വലുത്; ഈ ക്രൂരതയ്ക്ക് എന്ത് പേരാണ് വിളിക്കേണ്ടത്; രുദ്രയ്ക്ക് നീതി ലഭിക്കണം'

'കുടുംബത്തോട് സഹതാപമുണ്ട്, പക്ഷേ ഇത് സംഘത്തിന്റെ സ്‌കൂളായി പോയില്ലേ എന്നായിരുന്നു രുദ്രയുടെ പിതാവ് സംഘപരിവാറിനിടയില്‍ വലിയ അംഗീകാരമുള്ള ഒരു വനിതാ നേതാവിനെ വിളിച്ചപ്പോൾ പറഞ്ഞത്'

'സംഘത്തിന്റെ അഭിമാനമാണത്രേ വലുത്; ഈ ക്രൂരതയ്ക്ക് എന്ത് പേരാണ് വിളിക്കേണ്ടത്; രുദ്രയ്ക്ക് നീതി ലഭിക്കണം'
dot image

പാലക്കാട്: പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രുദ്ര ജീവനൊടുക്കിയ സംഭവത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. രുദ്രയുടേത് കേവലം ഒരു മരണമല്ലെന്നും മറിച്ച് ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്റെ മനുഷ്യത്വവിരുദ്ധമായ മുഖം വെളിവാക്കുന്ന ക്രൂരതയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സ്വന്തം മകളുടെ തണുത്ത ശരീരം പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടക്കുമ്പോള്‍ ആ അച്ഛനെ ഫോണില്‍ വിളിച്ച് ഒരു സംഘപരിവാര്‍ നേതാവ് പറഞ്ഞത് 'സംഘത്തിന്റെ അഭിമാനമാണ് പ്രധാനം, അതുകൊണ്ട് കേസിന് പോകരുത്' എന്നുമാണ്. സ്വന്തം പ്രവര്‍ത്തകന്റെ ഹൃദയം പിളരുന്ന വേദനയേക്കാള്‍ വലുതാണ് ഇവര്‍ക്ക് സംഘടനയുടെ പ്രതിച്ഛായയെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ വിമര്‍ശനം.

സംഘപരിവാറിനിടയില്‍ വലിയ അംഗീകാരമുള്ള ഒരു വനിതാ നേതാവിനെ രുദ്രയുടെ പിതാവ് രാജേഷ് ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി ഇതിലും പരിതാപകരമായിരുന്നു. 'കുടുംബത്തോട് സഹതാപമുണ്ട്, പക്ഷേ ഇത് സംഘത്തിന്റെ സ്‌കൂളായി പോയില്ലേ…' എന്ന നിസഹായാവസ്ഥയാണവര്‍ പ്രകടിപ്പിച്ചത്. സഹതാപമല്ല രാജേഷിന് വേണ്ടത്, നീതിയാണ്. മകള്‍ മരിച്ച അച്ഛനോട് പോലും നീതിക്ക് വേണ്ടി നിലകൊള്ളാതെ, കുറ്റക്കാരെ സംരക്ഷിക്കാന്‍ 'സംഘം' എന്ന ലേബല്‍ ഉപയോഗിക്കുന്ന ഈ ക്രൂരതയ്ക്ക് എന്ത് പേരാണ് വിളിക്കേണ്ടതെന്ന് സന്ദീപ് വാര്യര്‍ ചോദിച്ചു. മറ്റേതെങ്കിലും സമുദായം നടത്തുന്ന സ്‌കൂളിലായിരുന്നു ഈ ദാരുണ സംഭവം നടന്നതെങ്കില്‍ ഇപ്പോള്‍ അവിടെ ഈ നേതാക്കള്‍ താണ്ഡവമാടുമായിരുന്നു. എന്നാല്‍ സ്വന്തം സ്‌കൂളായപ്പോള്‍ കുറ്റവാളികളെ വെള്ളപൂശാനും രാജേഷിന്റെ കുടുംബത്തിനെതിരെ സൈബര്‍ ഗുണ്ടകളെ വിട്ട് അധിക്ഷേപിക്കാനുമാണ് ഇവര്‍ തുനിഞ്ഞതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംഘത്തിന്റെ 'അഭിമാനം' സംരക്ഷിക്കാന്‍ ഒരു പിതാവിന്റെ കണ്ണീര്‍ വില്‍ക്കരുത്. മനസ്സ് മരവിച്ചു പോയ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒറ്റപ്പാലം വരോട് സ്വദേശി രാജേഷിന്റെ മകള്‍ രുദ്ര എന്ന ആ കൊച്ചു മിടുക്കിയുടെ ആത്മഹത്യ കേവലം ഒരു മരണമല്ല, മറിച്ച് ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്റെ മനുഷ്യത്വവിരുദ്ധമായ മുഖം വെളിവാക്കുന്ന ക്രൂരതയാണ്. ഭക്ഷണം വിളമ്പുന്നതിനിടെ കറി തുളുമ്പി സീനിയേഴ്‌സിന്റെ ദേഹത്ത് വീണതിന്, ആ കൊച്ചു കുട്ടിയെ ബോഡി ഷെയ്മിംഗ് നടത്തിയും മാനസികമായി തളര്‍ത്തിയും മരണത്തിലേക്ക് തള്ളിവിട്ടവര്‍ ഈ സമൂഹത്തിന് തന്നെ അപമാനമാണ്. ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കാതെ ആ പരാതി മാനേജ്മെന്റ് പൂഴ്ത്തിവെച്ചു.

എന്നാല്‍ ഇതിനേക്കാള്‍ ഭീകരം മരണത്തിന് ശേഷം ആ കുടുംബത്തിന് നേരിടേണ്ടി വന്ന അനുഭവങ്ങളാണ്. സ്വന്തം മകളുടെ തണുത്ത ശരീരം പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടക്കുമ്പോള്‍ ആ അച്ഛനെ ഫോണില്‍ വിളിച്ച് ഒരു സംഘപരിവാര്‍ നേതാവ് പറഞ്ഞത് എന്താണെന്നോ? 'സംഘത്തിന്റെ അഭിമാനമാണ് പ്രധാനം, അതുകൊണ്ട് കേസിന് പോകരുത്' എന്ന്! സ്വന്തം പ്രവര്‍ത്തകന്റെ ഹൃദയം പിളരുന്ന വേദനയേക്കാള്‍ വലുതാണ് ഇവര്‍ക്ക് സംഘടനയുടെ പ്രതിച്ഛായ.

സംഘപരിവാറിനിടയില്‍ വലിയ അംഗീകാരമുള്ള ഒരു വനിതാ നേതാവിനെ രാജേഷ് ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി ഇതിലും പരിതാപകരമായിരുന്നു. 'കുടുംബത്തോട് സഹതാപമുണ്ട്, പക്ഷേ ഇത് സംഘത്തിന്റെ സ്‌കൂളായി പോയില്ലേ…' എന്ന നിസ്സഹായാവസ്ഥയാണവര്‍ പ്രകടിപ്പിച്ചത്.
സഹതാപമല്ല രാജേഷിന് വേണ്ടത് നീതിയാണ്. മകള്‍ മരിച്ച അച്ഛനോട് പോലും നീതിക്ക് വേണ്ടി നിലകൊള്ളാതെ, കുറ്റക്കാരെ സംരക്ഷിക്കാന്‍ 'സംഘം' എന്ന ലേബല്‍ ഉപയോഗിക്കുന്ന ഈ ക്രൂരതയ്ക്ക് എന്ത് പേരാണ് വിളിക്കേണ്ടത്?.

മറ്റേതെങ്കിലും സമുദായം നടത്തുന്ന സ്‌കൂളിലായിരുന്നു ഈ ദാരുണ സംഭവം നടന്നതെങ്കില്‍ ഇപ്പോള്‍ അവിടെ ഈ നേതാക്കള്‍ താണ്ഡവമാടുമായിരുന്നു. എന്നാല്‍ സ്വന്തം സ്‌കൂളായപ്പോള്‍ കുറ്റവാളികളെ വെള്ളപൂശാനും രാജേഷിന്റെ കുടുംബത്തിനെതിരെ സൈബര്‍ ഗുണ്ടകളെ വിട്ട് അധിക്ഷേപിക്കാനുമാണ് ഇവര്‍ തുനിഞ്ഞത്.

വിരോധാഭാസമെന്നു പറയട്ടെ, തൊട്ടടുത്ത പഞ്ചായത്തില്‍ താമസിക്കുന്ന ബിജെപിയുടെ ജില്ലാ പ്രസിഡന്റോ, രാജേഷിന്റെ വീടിന് അടുത്തുള്ള ബിജെപി-ആര്‍എസ്എസ് നേതാക്കളോ (വിരലിലെണ്ണാവുന്നവര്‍ ഒഴിച്ച്) ഈ നിമിഷം വരെ ആ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോലും എത്തിയിട്ടില്ല. വര്‍ഷങ്ങളോളം ആ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഒരാള്‍ക്ക് പോലും അവിടെ നീതിയില്ലെങ്കില്‍, സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?.

രുദ്രയുടെ മരണത്തില്‍ നീതി ഉറപ്പാക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. പാലക്കാട് എസ്പിയുമായി ഈ വിഷയം ഞാന്‍ നേരിട്ട് സംസാരിച്ചു. കേസ് അന്വേഷണം കാര്യക്ഷമമാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും എസ്പി ഉറപ്പ് നല്‍കിയിട്ടുണ്ട്. മനുഷ്യത്വത്തേക്കാള്‍ വലുതല്ല ഒരു സംഘടനയും. രുദ്രയുടെ മരണത്തിന് ഉത്തരവാദികളായവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ആ കുടുംബത്തിനൊപ്പം ഞാനുണ്ടാകും. നീതി നിഷേധിക്കപ്പെടരുത്. ഞങ്ങള്‍ രുദ്രയുടെ കുടുംബത്തിനൊപ്പം.

Content Highlights- Sandeep Varier has strongly criticized the RSS following the tragic death of a Plus One student, Rudra, at Kallekad Vyasa Vidyapeedham in Palakkad

dot image
To advertise here,contact us
dot image