രാഹുല്‍ ഈശ്വര്‍ വീണ്ടും ജയിലിലാകുമോ? ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നും ഇത് അതിജീവിതയെ ഭയപ്പെടുത്തുന്നതിന് തുല്യമാണെന്നും പ്രോസിക്യൂഷന്‍

രാഹുല്‍ ഈശ്വര്‍ വീണ്ടും ജയിലിലാകുമോ? ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
dot image

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നും ഇത് അതിജീവിതയെ ഭയപ്പെടുത്തുന്നതിന് തുല്യമാണെന്നും പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ പറയുന്നു. നേരത്തെ ജാമ്യം റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധ്യപ്പെടുത്താന്‍ കോടതി രാഹുലിന് നോട്ടീസ് അയച്ചിരുന്നു.


കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സൈബര്‍ പൊലീസ് നല്‍കിയ അപേക്ഷയിലായിരുന്നു കോടതി നോട്ടീസ് നല്‍കിയത്.

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ വ്യാജ അതിജീവിതയെന്ന് വിളിച്ചെന്നും ഇത് യുവതിയില്‍ ഭയവും മാനസിക സമ്മര്‍ദവും ഉണ്ടാക്കിയെന്നും തിരുവനന്തപുരം സൈബര്‍ പൊലീസ് നല്‍കിയ അപേക്ഷയില്‍ പറയുന്നുണ്ട്. ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിക്കും വിധം പ്രതികരണങ്ങള്‍ നടത്തിയെന്ന് അതിജീവിത പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി അന്വേഷിച്ചാണ് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.

അതേസമയം തനിക്കെതിരെ പരാതി നല്‍കിയ അതിജീവിതയ്ക്കെതിരെ രാഹുല്‍ ഈശ്വറും പരാതി നല്‍കിയിരുന്നു. തനിക്കെതിരെ നിരന്തരം പരാതി നല്‍കി സ്വൈര്യ ജീവിതം നശിപ്പിക്കുകയാണ് അതിജീവിത. അതിജീവിത ഗൂഢാലോചന നടത്തിയെങ്കില്‍ അന്വേഷിക്കണമെന്നും രാഹുല്‍ ഈശ്വര്‍ അന്ന് പ്രതികരിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ച കേസില്‍ നവംബര്‍ 30നാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ കോടതി തള്ളിയതോടെ രാഹുല്‍ നിരാഹാര സമരം നടത്തി. എന്നാല്‍ കോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെ നിരാഹാര സമരം അവസാനിപ്പിച്ച രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്നും പറഞ്ഞിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയ കോടതി രണ്ട് തവണ ജാമ്യം നിഷേധിച്ചു. 16 ദിവസത്തിന് ശേഷം തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കടുത്ത ജാമ്യവ്യവസ്ഥകളോടെ രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിക്കുകയായിരുന്നു.

Content Higlights: rahul eshwar bail cancellation plea to be heard by court today prosecution moves

dot image
To advertise here,contact us
dot image