

പാലക്കാട്: ഒറ്റപ്പാലത്തെ ദമ്പതികളുടെ കൊല പേരക്കുട്ടിയുടെ അവകാശം സംബന്ധിച്ച തര്‍ക്കത്തിനിടെയെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്. കൊല്ലപ്പെട്ട ദമ്പതികളായ നസീറിന്റെ സുഹറയുടെയും മകളുടെ ഭര്‍ത്താവ് പൊന്നാനി സ്വദേശി റാഫിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റാഫിയും സുല്‍ഫിയത്തും തമ്മില്‍ വേര്‍പിരിഞ്ഞുകഴിയുകയാണ്. ഇതുസംബന്ധിച്ച കേസ് കോടതിയിലാണ്. മകന്റെ അവകാശം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
അര്‍ധരാത്രി 12ഓടെയാണ് ദമ്പതികളെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകനുമായി സുല്‍ഫിയത്ത് ഓടിരക്ഷപ്പെടുന്നതിനിടെ നാട്ടുകാര്‍ കാണുകയായിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. യുവാവുമായുണ്ടായ തര്‍ക്കത്തിനിടെ സുല്‍ഫിയത്ത് രക്ഷപ്പെട്ടോടുകയായിരുന്നുവെന്നാണ് കരുതുന്നത്.
കൈഞരമ്പ് മുറിച്ച നിലയിലാണ് പൊലീസ് റാഫിയെയും കസ്റ്റഡിയിലെടുത്തത്. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട റാഫിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുള്ള പേരക്കുട്ടിയെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. യുവാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Content Highlights: palakkad ottappalam Murder reportedly sparked dispute over grandchild's rights