

പത്തനംതിട്ട: ജീവിച്ചിരിക്കുന്ന ആളുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയ്ക്ക് കത്തയച്ച് പഞ്ചായത്ത് അധികൃതര്‍. പത്തനംതിട്ട പ്രമാടം ഗ്രാമപഞ്ചായത്തിലാണ് സംഭവം നടന്നത്. ഇളംകൊള്ളൂര്‍ സ്വദേശി ഗോപിനാഥന്‍ നായരുടെ(60)ഭാര്യയ്ക്കാണ് പഞ്ചായത്തിന്റെ കത്ത് ലഭിച്ചത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താവാണ് ഗോപിനാഥന്‍ നായര്‍. പെന്‍ഷന്‍ ആനുകൂല്യം റദ്ദ് ചെയ്യുന്നതിന് മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു ഗോപിനാഥന്‍ നായരുടെ ഭാര്യയ്ക്ക് കത്ത് കിട്ടിയത്. കത്ത് കൈപ്പറ്റി മൂന്നാം ദിവസം ആധാര്‍ കാര്‍ഡും മരണ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്നായിരുന്നു കത്തില്‍ പറഞ്ഞത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ബന്ധുക്കള്‍ കൈപ്പറ്റിയാല്‍ പലിശ സഹിതം തിരിച്ചടയ്‌ക്കേണ്ടി വരുമെന്നും കത്തില്‍ പറഞ്ഞിരുന്നു.
അതേസമയം ഗോപിനാഥന്‍ നായര്‍ മരിച്ചതായി അറിയിച്ചതിന്റെ ഭാഗമായാണ് കത്തയച്ചെന്നായിരുന്നു പഞ്ചായത്ത് അധികൃതര്‍ പറയുന്നു. എന്നാല്‍ അങ്ങനെ ഒരു വിവരം നല്‍കിയത് ആരാണെന്ന് അധികൃതര്‍ പറയണമെന്നാണ് ഗോപിനാഥന്‍ നായരുടെയും കുടുംബത്തിന്റെയും ആവശ്യം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Content Highlights- A panchayat from pathanamthitta district sent an official letter to the wife of a 60-year-old man who is alive.