കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളോട് കണക്ക് ചോദിച്ചതെന്തിന്? റഷ്യന്‍ എണ്ണയ്ക്ക് 'ഗുഡ്‌ബൈ'?

റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 500% വരെ തീരുവ ചുമത്താന്‍ അമേരിക്ക. കൂടാതെ, ഇന്ത്യ നയിക്കുന്ന ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സില്‍ നിന്ന് യുഎസിനെ പിന്‍വലിക്കാനുമുള്ള തീരുമാനത്തിലേക്കും കടക്കുകയാണ് ട്രംപ്

കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളോട് കണക്ക് ചോദിച്ചതെന്തിന്? റഷ്യന്‍ എണ്ണയ്ക്ക് 'ഗുഡ്‌ബൈ'?
dot image

റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 500% വരെ പ്രതികാരച്ചുങ്കം ചുമത്താന്‍ ട്രംപ്. രണ്ടിരട്ടിയിലധികം താരിഫ് നിര്‍ബന്ധമാക്കുന്ന ബില്ലിനെ പിന്തുണയ്ക്കാനാണ് ട്രംപിന്റെ നീക്കം. കൂടാതെ, ഇന്ത്യ നയിക്കുന്ന ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സില്‍ (ISA) നിന്ന് യുഎസിനെ പിന്‍വലിക്കാനുമുള്ള തീരുമാനത്തിലേക്ക് പോകുകയാണ് ട്രംപ്.

ചൈന, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയുള്ള ഈ ബില്‍ ട്രംപിന് വലിയ സ്വാധീനം നല്‍കും. ഇന്ത്യ, റഷ്യന്‍ എണ്ണ ഇറക്കുമതി അവസാനിപ്പിക്കുന്നത് ഉറപ്പാക്കാനാണ് മുന്‍ഗണനയെന്ന് നിയുക്ത യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ സെപ്റ്റംബറില്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ഈ വാരാന്ത്യത്തില്‍ ഡല്‍ഹിയില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് പുതിയ പ്രഖ്യാപനങ്ങള്‍ വന്നത്. 2026 ജനുവരി 12 നാണ് ഗോര്‍ ഡല്‍ഹിയില്‍ തന്റെ കാലാവധി ആരംഭിക്കുക.

അതേസമയം, പാരീസില്‍, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഫ്രാന്‍സ്, ജര്‍മ്മനി വിദേശകാര്യ മന്ത്രിമാരുമായുള്ള സംയുക്ത പത്രസമ്മേളനത്തില്‍, ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതില്‍ പോളിഷ് വിദേശകാര്യ മന്ത്രി റാഡോസ്ലോ സിക്കോര്‍സ്‌കി സംതൃപ്തി പ്രകടിപ്പിച്ചു. 500 ശതമാനം താരിഫ് ചുമത്താനുള്ള പുതിയ ഉപരോധ ബില്ലിന് യുഎസ് പ്രസിഡന്റ് പച്ചക്കൊടി കാട്ടിയതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം പറഞ്ഞു. ബില്ല് അടുത്ത ആഴ്ച ആദ്യം കോണ്‍ഗ്രസില്‍ വോട്ടിങിനെത്തും. റഷ്യ ഉപരോധ ബില്ലിന് ട്രംപ് പച്ചക്കൊടി കാട്ടുമ്പോള്‍ ലക്ഷ്യമിടുന്ന രാജ്യങ്ങള്‍ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവയാണ്. എണ്ണയ്ക്ക് പുറമെ റഷ്യന്‍ യുറേനിയം വാങ്ങുന്നവര്‍ക്കും ഈ കടുത്ത നികുതി ബാധകമാകും. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്റലും ചേര്‍ന്നാണ് ഈ ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

ഏപ്രിലില്‍ സെനറ്റില്‍ അവതരിപ്പിച്ച ഉഭയകക്ഷി ബില്ലിന് മികച്ച പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. വോട്ടെടുപ്പിന് വന്നുകഴിഞ്ഞാല്‍ സുഗമമായി പാസാകുമെന്നാണ് സൂചന. നിലവില്‍ 150 ശതമാനമാണ് യുഎസ് ഇന്ത്യക്ക് മേല്‍ ചുമത്തിയിരിക്കുന്ന തീരുവ. റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയും കടുത്ത നടപടികള്‍ നേരിടുകയാണ്. ചൈനയ്ക്ക് മേല്‍ അമേരിക്ക 145 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്. ഇതിന് മറുപടിയായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 125 ശതമാനം നികുതിയാണ് ചൈന ചുമത്തിയിട്ടുള്ളത്. റഷ്യയില്‍ നിന്ന് ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. 2024ല്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 36 ശതമാനവും വാങ്ങിയത് റഷ്യയില്‍ നിന്നായിരുന്നു. എന്നാല്‍ യുഎസ് സമ്മര്‍ദത്തിന്റെ ഫലമായി റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച്ച കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളോട് റഷ്യ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ ആഴ്ചതോറുമുള്ള കണക്ക് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നടപടി പല അഭ്യൂഹങ്ങള്‍ക്ക് വഴിതുറന്നു. യുഎസുമായി ഉടന്‍ വ്യാപാരക്കരാറിലേക്ക് നീങ്ങാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. അമേരിക്ക കണക്ക് ആവശ്യപ്പെട്ടാല്‍ ഉടന്‍ കൊടുക്കാനാണിതെന്നും കരുതുന്നു. ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കഴിഞ്ഞമാസം മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. റഷ്യന്‍ എണ്ണ ഇറക്കുമതി ഏറക്കുറെ നിര്‍ത്താനുള്ള നീക്കത്തിലാണ് കേന്ദ്രമെന്നും വിലയിരുത്തലുകളുണ്ട്.

dot image
To advertise here,contact us
dot image