

തിരുവനന്തപുരം: ഇത്തവണ നിയമസഭയിലേയ്ക്ക് മത്സരിക്കാനില്ലെന്ന തീരുമാനം മയപ്പെടുത്തി കെ ടി ജലീൽ. സന്നിഗ്ധ ഘട്ടത്തിൽ പാർട്ടി പറഞ്ഞാൽ അപ്പോൾ ആലോചിക്കുമെന്നാണ് തവനൂരിൽ മത്സരിക്കുന്നതിനെ സംബന്ധിച്ച് ജലീലിൻ്റെ നിലപാട്. പാർട്ടിക്ക് ക്ലീൻചിറ്റ് നൽകിയിരിക്കുകയാണെന്നും വേണമെങ്കിൽ തൻ്റെ സമ്മതത്തോടെ മത്സരത്തിന് നിർത്താം എന്നുമാണ് ജലീൽ പറയുന്നത്. എന്തുവേണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും ജലീൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലവിൽ തവനൂരിൽ സിപിഐഎമ്മിൻ്റെ പരിഗണനയിൽ ജലീൽ മാത്രമാണ് ഉള്ളത്. അതിനാൽ തന്നെ തവനൂരിൽ ജലീൽ നാലാമങ്കത്തിന് ഇറങ്ങുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്. ഇത്തവണ മത്സരിച്ചാൽ നിയമസഭയിലേയ്ക്ക് അഞ്ചാം തവണയാണ് ജലീൽ പേരിനിറങ്ങുന്നത്.
തവനൂർ മണ്ഡലം നിലവിൽ വന്ന 2011ന് ശേഷം ഇതുവരെ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ജലീലാണ് ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചത്. രണ്ട് തവണയെന്ന വ്യവസ്ഥ 2021ൽ സിപിഐഎം നടപ്പിലാക്കിയപ്പോഴും ജലീലിന് ഇളവ് നൽകിയിരുന്നു. ഇത്തവണ രണ്ട് തവണ ടേം വ്യവസ്ഥയിൽ ഇളവ് വരുത്താൻ സിപിഐഎം തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ ജലീലിന് തവനൂരിൽ നിന്ന് നാലാം വട്ടം മത്സരിക്കുന്നതിന് മറ്റ് തടസ്സങ്ങളില്ല. നേരത്തെ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ജലീൽ വ്യക്തമാക്കിയിരുന്നു.
2006ൽ മുസ്ലിം ലീഗിൻ്റെ അതികായൻ പി കെ കുഞ്ഞാലിക്കുട്ടിലെ 8781 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ജലീൽ ആദ്യമായി നിയമസഭയിലെത്തുന്നത്. 2011ൽ ആദ്യമായി നിലവിൽ വന്ന തവനൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ജലീൽ കോൺഗ്രസിൻ്റെ വി വി പ്രകാശിനെ 6854 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2016ലും ജലീൽ തവനൂരിൽ വിജയം ആവർത്തിച്ചു. 2016ൽ 17,064 വോട്ടിനായിരുന്നു ജലീലിൻ്റെ വിജയം. 2021ൽ കോൺഗ്രസിന് വേണ്ടി മത്സരരംഗത്ത് ഇറങ്ങിയ ഫിറോസ് കുന്നംപറമ്പിലിനെ 2185 വോട്ടുകൾക്ക് തോൽപ്പിച്ചായിരുന്നു ജലീലിൻ്റെ ഹാട്രിക് വിജയം.
Content Highlights: Former Minister KT Jaleel, the sitting MLA from Thavanur (Malappuram), has indicated he will contest the 2026 Kerala Assembly elections again if the CPI(M) requests him. Known for his strong performance in the constituency since 2011, Jaleel remains a key LDF figure despite past controversies.