

പാലക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സിപിഐഎം നേതാവ് എസ് അജയകുമാറിന്റെ പരാമര്‍ശം തള്ളി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. സിപിഐയും സിപിഐഎമ്മും തമ്മിലുള്ളത് സഹോദര ബന്ധമാണെന്ന് സുരേഷ് ബാബു പറഞ്ഞു. അതിനെ എതിര്‍ക്കുന്ന പ്രസ്താവനകള്‍ സിപിഐഎം തള്ളി കളയുമെന്ന് സെക്രട്ടറി വ്യക്തമാക്കി.
'ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ല. സിപിഐഎമ്മും സിപിഐയും തമ്മിലുള്ളത് വളരെ ഊഷ്മളമായ ബന്ധമാണ്. അജയകുമാര്‍ തിരുത്തണം', സുരേഷ് ബാബു പറഞ്ഞു.
ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പെരുമാറിക്കൊണ്ടിരിക്കുന്നു എന്ന രൂക്ഷ വിമര്‍ശനമാണ് എസ് അജയകുമാര്‍ നടത്തിയത്. ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാര്‍ക്കുള്ളതെന്നും എസ് അജയകുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. സിപിഐഎം-സിപിഐ പോര് നടന്നു കൊണ്ടിരിക്കുന്ന ഒറ്റപ്പാലത്ത് മണ്ണൂരില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു എസ് അജയകുമാറിന്റെ പരാമര്‍ശം.
പിന്നാലെ അജയകുമാറിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. അജയകുമാറിന് മാനസിക വിഭ്രാന്തിയെന്ന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ് ആരോപിച്ചിരുന്നു. സിപിഐഎം ജില്ലാ നേതൃത്വം അജയകുമാറിനെ തിരുത്തുകയും നിയന്ത്രിക്കുകയും വേണമെന്നും സുമലത ആവശ്യപ്പെട്ടിരുന്നു. ബിനോയ് വിശ്വം രാജ്യത്തെ അറിയപ്പെടുന്ന നേതാവാണ്. 100 വര്‍ഷം പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സിപിഐ, ആ പാരമ്പര്യം സിപിഐഎമ്മിന് പറയാനാകില്ലല്ലോ. പ്രാദേശിക പ്രശ്നത്തിന് സംസ്ഥാന സെക്രട്ടറിയെ അപമാനിച്ച് സംസാരിച്ചത് നിലവാരമില്ലായ്മയാണ്. ഈ വിഷയം എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ ഉയര്‍ത്തുമെന്നും സുമലത മോഹന്‍ദാസ് പറഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ നേരത്തെ വിലയിരുത്തിയിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു വിലയിരുത്തല്‍. ഇടതുമുന്നണിയെ സ്‌നേഹിച്ച വിവിധ വിഭാഗങ്ങളില്‍ ശക്തമായ വിമര്‍ശനം നിലനില്‍ക്കുന്നു. ഇതാണ് ഫലത്തില്‍ തെളിയുന്നത്. വോട്ട് ചെയ്യുമെന്ന് കരുതിയ വിവിധ വിഭാഗം ജനങ്ങള്‍ വോട്ട് ചെയ്തില്ല. മാത്രമല്ല എതിരായി വോട്ട് ചെയ്തതായിട്ടാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും സിപിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Content Highlights: The CPI(M) Palakkad district secretary came out against AjayaKumar following his criticism of CPI leader Binoy Viswam