

ന്യൂഡല്‍ഹി: തുര്‍ക്ക്മാന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ രാജ്. രാംലീല മൈതാനത്തിന് സമീപം തുര്‍ക്ക്മാന്‍ ഗേറ്റില്‍ സ്ഥിതി ചെയ്യുന്ന ഫൈസ് ഇ ഇലാഹി മസ്ജിദിന്റെ പരിസരത്താണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ (എംഎസ്ഡി) നേതൃത്വത്തില്‍ പുലര്‍ച്ചെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പൊളിക്കലെന്നാണ് ഡല്‍ഹി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് എംഎസ്ഡി ഒഴിപ്പിക്കല്‍ നടത്തിയിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് 17 ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പ്രദേശം ഇടിച്ചുനിരത്തിയത്. പൊളിക്കല്‍ ഇപ്പോഴും തുടരുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശവാസികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞത് സംഭവസ്ഥലത്ത് നേരിയ രീതിയില്‍ സംഘര്‍ഷമുണ്ടാക്കി. പ്രദേശവാസികള്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
'പൊളിക്കലിന്റെ സുഗമമായ നടത്തിപ്പിനും ഉത്തരവ് നടപ്പാക്കുന്നതിനും സ്ഥലത്ത് ക്രമസമാധാനത്തിനുള്ള സജ്ജീകരണങ്ങള്‍ ഡല്‍ഹി പൊലീസ് ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ പ്രദേശത്തെയും ഒമ്പത് സോണുകളായി തിരിച്ചു. ഓരോ സോണിലും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറുടെ മേല്‍നോട്ടമുണ്ടാകും. എല്ലാ പ്രശ്‌നബാധിത പ്രദേശങ്ങളിലും മതിയായ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്', ഡല്‍ഹി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ പൊളിക്കലിന് മുമ്പ് തന്നെ അമാന്‍ കമ്മിറ്റിയുമായും മറ്റ് പ്രാദേശിക നേതാക്കളുമായി യോഗം ചേര്‍ന്നിരുന്നുവെന്ന് സെന്ററല്‍ റേഞ്ച് ജോയിന്റ് കമ്മീഷണര്‍ മഥുര്‍ വര്‍മ അറിയിച്ചു. മസ്ജിദിനോട് ചേര്‍ന്നുള്ള റോഡ്, നടപ്പാത, കമ്മ്യൂണിറ്റി ഹാള്‍, പാര്‍ക്കിങ് ഏരിയ, ഒരു സ്വകാര്യ ക്ലിനിക് എന്നിവ പൊളിച്ചതില്‍ ഉള്‍പ്പെടുന്നു.
രാംലീല മൈതാനത്തിലെ 38,940 ചതുരശ്ര അടിയിലുള്ള കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നഗരസഭയ്ക്കും പൊതുമരാമത്ത് വകുപ്പിനും മൂന്ന് മാസത്തെ സമയം ഹൈക്കോടതി നല്‍കിയിരുന്നു. ഈ ഉത്തരവ് പ്രകാരമാണ് എംഎസ്ഡി ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയത്. സേവ് ഇന്ത്യ ഫൗണ്ടേഷന്റെ ഹര്‍ജിയായിരുന്നു ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചത്.
ഹര്‍ജിയെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ സര്‍വേയില്‍ പ്രദേശത്ത് നിയമവിരുദ്ധ കൈയ്യേറ്റങ്ങള്‍ നടന്നതായി കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ജനുവരി നാലിന് എംഎസ്ഡി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ വേണ്ടി എത്തിയപ്പോള്‍ പ്രദേശവാസികള്‍ എതിര്‍ത്തിരുന്നു. പിന്നാലെ ഉത്തരവ് റദ്ദാക്കാന്‍ മസ്ജിദ് കമ്മിറ്റി ഡല്‍ഹി ഹൈക്കോടതിയില്‍ സമീപിച്ചിരുന്നു. ഈ സ്ഥലം മസ്ജിദ് കമ്മിറ്റി ഉപയോഗിക്കുന്നതാണെന്നും വഖഫ് ബോര്‍ഡിന് പാട്ടക്കരാര്‍ നല്‍കുന്നുണ്ടെന്നും മസ്ജിദ് കമ്മിറ്റി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ചൊവ്വാഴ്ച കോടതി നോട്ടീസ് അയച്ചതിനിടയിലാണ് ഇന്ന് പുലര്‍ച്ചെ പൊളിക്കല്‍ നടന്നിരിക്കുന്നത്.
Content Highlights: Bulldozer action was carried out at the Faiz-e-Ilahi Mosque in the Turkman Gate area of Delhi