

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് നൽകുന്ന വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ അടുത്തയാഴ്ച അടക്കുമെന്നും പിന്നാലെ പത്ത് ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമാണം ആരംഭിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
ദുരന്തബാധിതരുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉറപ്പുനൽകിയ പല കാര്യങ്ങളും തങ്ങൾ നടപ്പിലാക്കി എന്നും സതീശൻ അവകാശപ്പെട്ടു. രാഹുൽ ഗാന്ധി ഇടപെട്ട് കർണാടക സർക്കാർ 100 വീടുകൾക്ക് പണം കൈമാറി. ലീഗ് നൽകുന്ന 100 വീടുകളുടെ നിർമാണം നടക്കുകയാണ്. ബാക്കിയുള്ളത് ഇനി 200 വീടുകളാണ്. അടുത്തയാഴ്ച സ്ഥലത്തിന്റെ രജിസ്ട്രേഷൻ കഴിഞ്ഞാൽ പത്ത് ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമാണം ആരംഭിക്കും. അപ്പോൾ 300 വീടായി. ആകെ 400 വീടുകളിൽ 300 വീടുകളും യുഡിഎഫ് ആണ് നിർമിക്കുന്നത് എന്നും സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പിരിച്ചെടുത്ത ഒരു കോടി രൂപ കെപിസിസിക്ക് അടുത്ത ദിവസം കൈമാറുമെന്നും സതീശൻ വ്യക്തമാക്കി. ഭൂമി കണ്ടെത്താനാകാത്തത് സർക്കാർ കാരണമാണെന്നും സതീശൻ കുറ്റപ്പെടുത്തി. സർക്കാരിന് ഭൂമി കണ്ടെത്താൻ ഒരു വർഷം എടുത്തപ്പോൾ തങ്ങൾക്ക് മൂന്ന് മാസമെടുക്കാൻ പാടില്ലേ എന്നും സതീശൻ ചോദിച്ചു.
സിപിഐഎം നേതാവ് എ കെ ബാലന്റെ മാറാട് പരാമർശത്തിനും സതീശൻ മറുപടി നൽകി. വെള്ളാപ്പള്ളിയുടെയും ബാലന്റെയും പ്രസ്താവനകളെ കൂട്ടിവെക്കണമെന്നും വെള്ളാപ്പള്ളിയെ തള്ളിയ ബിനോയ് വിശ്വം ബാലനെ അംഗീകരിക്കുമോ എന്നും സതീശൻ ചോദിച്ചു. ബിജെപിയും സംഘപരിവാറും നടത്തുന്ന വർഗീയ ക്യാമ്പയിൻ സിപിഐഎം ഏറ്റെടുത്തിരിക്കുകയാണ്. പ്രബുദ്ധ കേരളം സിപിഐഎം നേതാക്കളുടെ ഈ പ്രസ്താവനയെ ചെറുത്തുതോല്പിക്കും. ബാലന്റെ പ്രസ്താവന മനഃപൂർവം വർഗീയ വിഭജനമുണ്ടാക്കാനാണെന്നും ഗുജറാത്തിലെ പ്രചാരണങ്ങളേക്കാൾ മോശമായ ഒന്നാണ് ബാലൻ നടത്തിയത് എന്നും സതീശൻ പറഞ്ഞു.
ശബരിമല സ്വർണക്കൊളള കേസിലും സതീശൻ പ്രതികരിച്ചു. പത്മകുമാർ ആണ് എല്ലാ തട്ടിപ്പുകൾക്കും കൂട്ടുനിന്നത് എന്ന് എസ്ഐടി വ്യക്തമാക്കിയിരിക്കുകയാണ്. എന്നിട്ടും സിപിഐഎം പത്മകുമാറിനെ സംരക്ഷിക്കുകയാണ്. അയ്യപ്പന്റെ സ്വർണം കവർന്നവർക്ക് കുട പിടിച്ചുകൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്നും സതീശൻ വിമർശിച്ചു.
Content Highlights: vd satheesan on congress house on wayanad, when it will start and how