സമയ പരിധി കഴിഞ്ഞു: എന്നിട്ടും പൂർത്തിയാകാതെ 63 ലക്ഷത്തിലധികം ആദായനികുതി റിട്ടേണുകള്‍

ഏകദേശം 63 ലക്ഷം നികുതിദായകരുടെ റിട്ടേണുകള്‍ നടപ്പിലായിക്കൊണ്ടിരിക്കുന്നു. അവരില്‍ പലര്‍ക്കും റീഫണ്ടുകള്‍ ഇതുവരെ നല്‍കിയിട്ടില്ല

സമയ പരിധി കഴിഞ്ഞു:  എന്നിട്ടും പൂർത്തിയാകാതെ 63 ലക്ഷത്തിലധികം ആദായനികുതി റിട്ടേണുകള്‍
dot image

രാജ്യത്ത് അവസാന തീയതിക്ക് ശേഷവും പൂര്‍ത്തിയാകാതെ കിടക്കുന്നത് 63 ലക്ഷത്തിലധികം ആദായനികുതി റിട്ടേണുകള്‍. കാലതാമസം നേരിട്ട ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആയിരുന്നു. ഇതിന് ശേഷവും, വലിയൊരു വിഭാഗം നികുതിദായകര്‍ ഇപ്പോഴും റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനായി കാത്തിരിക്കുകയാണ്.

ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമായ ഡാറ്റ പ്രകാരം, 2025-26 വര്‍ഷത്തില്‍ ഇതുവരെ ഏകദേശം 8.80 കോടി ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 8.66 കോടി റിട്ടേണുകള്‍ പരിശോധിച്ചു. 8.02 കോടിയോളം റിട്ടേണുകള്‍ ഇതിനകം പ്രൊസസ് ആരംഭിച്ചിട്ടുണ്ട്. ഏകദേശം 63 ലക്ഷം നികുതിദായകരുടെ റിട്ടേണുകള്‍ നടപ്പിലായിക്കൊണ്ടിരിക്കുന്നു. ഇവരില്‍ പലര്‍ക്കും ഇതുവരെ റീഫണ്ടുകളും ലഭ്യമായിട്ടില്ല.

കാലാവധിക്ക് ശേഷവും റിട്ടേണുകള്‍ തീര്‍പ്പാകാത്തത് ഗുരുതര പ്രശ്‌നമല്ലെന്നാണ് നികുതി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആദായനികുതി നിയമപ്രകാരം, ആ വര്‍ഷത്തേക്ക് സമര്‍പ്പിച്ച റിട്ടേണുകള്‍ തീര്‍പ്പാക്കുന്നതിന് കേന്ദ്രീകൃത പ്രോസസ്സിംഗ് സെന്ററിന് സാമ്പത്തിക വര്‍ഷാവസാനം മുതല്‍ ഒമ്പത് മാസം വരെ സമയമുണ്ട്. 2025-26 വര്‍ഷം (2024-25 സാമ്പത്തിക വര്‍ഷവുമായി ബന്ധപ്പെട്ട്) സമര്‍പ്പിച്ച റിട്ടേണുകള്‍ പൂര്‍ത്തിയാക്കുന്നതിന് 2026 ഡിസംബര്‍ 31 വരെ ആദായനികുതി വകുപ്പിന് സമയം ലഭിക്കും.

പരിശോധിച്ചുറപ്പിച്ച റിട്ടേണുകളുടെ 90% ത്തിലധികം ഇതിനകം പ്രോസസ്സ് ചെയ്തിട്ടുള്ളതിനാല്‍, നിലവിലെ തീര്‍പ്പാക്കാത്ത റിട്ടേണുകള്‍ നിയമപരമായ സമയപരിധിക്കുള്ളിലാണ്. അത് ആശങ്കയ്ക്ക് കാരണമാകില്ലെന്നാണ് കരുതേണ്ടത്.

നികുതിദായകരുടെ ടിഡിഎസ് ഫയലിംഗുകള്‍, വാര്‍ഷിക സ്റ്റേറ്റ്‌മെന്റുകള്‍, ഫോം 26എഎസ്, ബാങ്ക് ഡാറ്റ, മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍, സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ എന്നിവയെല്ലാം ആദായനികുതി വകുപ്പിന് ലഭ്യമാണ്. ഒരു നികുതിദായകന്റെ റിട്ടേണില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കണക്കുകള്‍ ഈ ഡാറ്റയുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നില്ലെങ്കില്‍, റിട്ടേണ്‍ സ്വയമേ റദ്ദ് ചെയ്യപ്പെടും. വരുമാനം, കിഴിവുകള്‍ അല്ലെങ്കില്‍ ഇളവുകള്‍ എന്നിവയിലെ ചെറിയ പൊരുത്തക്കേടുകള്‍ പോലും ഫയലിംഗിനെ മന്ദഗതിയിലാക്കാം എന്നാണ് ഇത് നല്‍കുന്ന സൂചന.

2025 ഡിസംബറില്‍ ആരംഭിച്ച കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ 'നഡ്ജ്' ക്യാമ്പെയ്നാണ് പല റീഫണ്ടുകളും മുടങ്ങാനുള്ള ഒരു പ്രധാന കാരണം. ഈ പദ്ധതിയുടെ കീഴില്‍, പൊരുത്തക്കേടുകള്‍ കാണിക്കുന്ന റിട്ടേണുകളിലെ നികുതിദായകരെ എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ വഴി മുന്‍കൂട്ടി അറിയിക്കുകയും വ്യത്യാസം അംഗീകരിക്കാനോ പുതുക്കിയതോ ആയ റിട്ടേണ്‍ ഫയല്‍ ചെയ്യാനോ അവസരം നല്‍കുകയും ചെയ്യുന്നു. അത്തരം തിരുത്തല്‍ നടപടി സ്വീകരിക്കുന്നതുവരെ, ആദായ നികുതി വകുപ്പ് ബോധപൂര്‍വ്വം ഈ റിട്ടേണുകളുടെ പ്രോസസ്സിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത്തരത്തില്‍ പണം അടയ്ക്കുന്നതിന് മുമ്പായി നികുതിദായകര്‍ക്ക് തെറ്റുകള്‍ തിരുത്താന്‍ ഒരവസരം കൂടി നല്‍കുന്നു.

ഈ വര്‍ഷം പ്രോസസ്സിംഗ് മന്ദഗതിയിലാകാന്‍ പ്രവര്‍ത്തന ഘടകങ്ങള്‍ കാരണമായതായി നികുതി വിദഗ്ദ്ധനായ സിഎ ഡോ. സുരേഷ് സുരാന ചൂണ്ടിക്കാട്ടുന്നു. 2025-26 വര്‍ഷത്തില്‍, നിരവധി ഐടിആര്‍ ഫോമുകളും അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും പതിവിലും വൈകിയാണ് പുറത്തിറക്കിയത്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഇത് നീണ്ടുനിന്നു. ഇത് ഫയലിംഗും നടപടി ക്രമങ്ങളും കൂടുതല്‍ വൈകിപ്പിച്ചു.

Content Highlights: About 8.80 crore income tax returns have been filed so far in the year 2025-26. Out of this, about 8.66 crore returns have been verified

dot image
To advertise here,contact us
dot image