

കോട്ടയം: ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ ഉണ്ടാകൂവെന്നും തന്റെ അറിവില്‍ സഹോദരിമാര്‍ മത്സരിക്കാനില്ലെന്നും ചാണ്ടി ഉമ്മന്‍ റിപ്പോര്‍ട്ടറിനോട്. നിങ്ങള്‍ തന്നെ ഒരാളെ തീരുമാനിച്ച് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ അച്ചു ഉമ്മൻ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണം.
'എന്റെ അറിവില്‍ സഹോദരിമാര്‍ മത്സരിക്കില്ല. അവര്‍ക്ക് താല്പര്യം ഇല്ലെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അച്ചു അവധിക്ക് വന്നപ്പോഴും രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് പറഞ്ഞത്. അപ്പ ഉള്ളപ്പോള്‍ തന്നെ അങ്ങനെ ഒരു തീരുമാനമാണ് എടുത്തിരുന്നത്. അതില്‍ മാറ്റം ഉണ്ടായാല്‍ അവര്‍ എന്നോട് പറയും. പാര്‍ട്ടിയോട് പറയും', ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയേ ഉണ്ടാകൂവെന്നും അങ്ങനെയാണ് നിലവിലെ തീരുമാനമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി ഒഴിഞ്ഞു കൊടുക്കാന്‍ തയാറാണെന്ന വാര്‍ത്തയിലും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞ കാര്യങ്ങള്‍ നിങ്ങളോട് പറയേണ്ട കാര്യമില്ല. പാര്‍ട്ടിയില്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറഞ്ഞതാണ്. പാര്‍ട്ടി ആവശ്യപ്പെടുന്നതനുസരിച്ചാണ് താന്‍ സ്ഥാനാര്‍ത്ഥിയായത്. പാര്‍ട്ടി തീരുമാനിച്ചാലെ താന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാവുകയുള്ളൂ. എവിടെയായാലും എല്ലാം പാര്‍ട്ടിയുടെ തീരുമാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിൽനിന്ന് പ്രതീക്ഷിക്കുന്ന സർപ്രൈസ് സെലിബ്രിറ്റി സ്ഥാനാർത്ഥികളുടെ പട്ടികയിൽ അച്ചു ഉമ്മനും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. അച്ചു ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിക്കുമെന്നാണ് അഭ്യൂഹം. മറിയ ഉമ്മൻ ചെങ്ങന്നൂരിലോ ആറന്മുളയിലോ കാഞ്ഞിരപ്പള്ളിയിലോ മത്സരിച്ചേക്കുമെന്നും വാർത്ത വന്നിരുന്നു. ഇക്കാര്യത്തിലാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.
Content Highilights: chandy oommen says there will be a candidate from the Oommen Chandy family