

തിരുവനന്തപുരം: ഉളളൂര്‍ കാര്‍ത്തികേയന്‍ എന്ന ആനയെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി പാപ്പാന്‍ വിഷ്ണു. മദപ്പാടില്‍ നില്‍ക്കുന്ന ആനയാണ് ഉളളൂര്‍ കാര്‍ത്തികേയനെന്നും മദപ്പാടില്‍ നില്‍ക്കുമ്പോള്‍ ചിലപ്പോള്‍ ആനയെ തല്ലേണ്ടി വരുമെന്നും വിഷ്ണു പറഞ്ഞു. പരാതി നല്‍കിയവര്‍ പ്രദേശത്തെ സാമൂഹ്യവിരുദ്ധരാണെന്നും കെട്ടിയിട്ടിരിക്കുന്നത് കൊണ്ടാണ് ആനയുടെ കാലുകളില്‍ മുറിവ് പറ്റിയതെന്നും വിഷ്ണു വ്യക്തമാക്കി. വിഷ്ണു മദ്യലഹരിയില്‍ ആനയെ തല്ലിയെന്നായിരുന്നു പരാതി ഉയര്‍ന്നത്. ആനയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
'കഞ്ചാവ് ഉപയോഗിച്ചുവെന്ന് പറയുന്നവരാണ് ഇവിടെ വന്ന് കഞ്ചാവടിച്ചിരിക്കുന്നത്. അത് ചോദ്യംചെയ്തതിന് എന്നെ അവര്‍ മര്‍ദിച്ചിട്ടുണ്ട്. ആനയുടെ കാലില്‍ മുറിവുണ്ടാകുന്നത് ചങ്ങലയില്‍ ഇട്ടിരിക്കുന്നതുകൊണ്ടാണ്. മദപ്പാടിലായതിനാല്‍ ഒരുമാസത്തിലേറെയായി ചങ്ങലയ്ക്കിട്ടിരിക്കുകയാണ്. ആന മരുന്ന് വയ്ക്കാന്‍ നേരം അക്രമാസക്തനാകും. അപ്പോഴൊക്കെ ഞാന്‍ തന്നെയാണ് ആനയെ നോക്കിയിരുന്നത്. അഞ്ചുവര്‍ഷമായി ഞാനാണ് ഇതിനെ നോക്കുന്നത്. ആരോപണം എന്നെ ഒഴിവാക്കി മറ്റാരെയോ കൊണ്ടുവരാന്‍ വേണ്ടിയുളളതാണ്. മുറിവിനുളള മരുന്നുകളൊക്കെ ആനയ്ക്ക് കൊടുക്കുന്നുണ്ട്':പാപ്പാൻ വിഷ്ണു പറഞ്ഞു.
ഇന്നലെയാണ് ആനയെ പാപ്പാന്മാര്‍ മര്‍ദിക്കുന്നുവെന്ന തരത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത്. മദ്യലഹരിയില്‍ പാപ്പാന്മാര്‍ ആനയെ മര്‍ദിക്കുന്നുവെന്ന് കാട്ടി പ്രദേശവാസികള്‍ ദേവസ്വം ബോര്‍ഡിനും വനംവകുപ്പിനും പരാതി നല്‍കുകയായിരുന്നു. പതിവായി ലഹരി ഉപയോഗിക്കുന്നവരാണ് പാപ്പാന്മാരെന്നും പരാതിയില്‍ ആരോപണമുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡ് ഓഫീസിന് സമീപമാണ് ആനയെ തളച്ചിരുന്നത്.
Content Highlights: Ulloor Karthikeyan elephant Viral video; paappan vishnu explains about its health