

കൊച്ചി: എറണാകുളത്ത് അഞ്ച് സിറ്റിങ് എംഎല്‍എമാരെ രംഗത്തിറക്കാന്‍ സിപിഐഎം. രണ്ട് ടേം നിബന്ധനയില്‍ ഇളവ് നല്‍കാനും ധാരണയുണ്ട്. കളമശ്ശേരിയില്‍ പി രാജീവ്, വൈപ്പിനില്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍, കുന്നത്തുനാടില്‍ പി വി ശ്രീനിജന്‍, കൊച്ചിയില്‍ കെ ജെ മാക്‌സി, കോതമംഗലത്ത് ആന്റണി ജോണ്‍ എന്നീ എംഎല്‍എമാര്‍ വീണ്ടും മത്സരിക്കുമെന്നാണ് സൂചന.
കെ ജെ മാക്‌സിയും ആന്റണി ജോണും മത്സരിക്കണമെങ്കില്‍ രണ്ട് ടേം നിബന്ധനയില്‍ ഇളവ് നല്‍കേണ്ടി വരും. ഇളവ് നല്‍കിയില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും സിപിഐഎമ്മിലുണ്ട്. അതേസമയം പെരുമ്പാവൂര്‍ സീറ്റ് സിപിഐഎം ഏറ്റെടുക്കാനും സാധ്യതയുണ്ട്. പെരുമ്പാവൂര്‍ ഏറ്റെടുക്കണമെന്നാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം.
കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന സീറ്റാണ് പെരുമ്പാവൂര്‍. സിപിഐഎം ഏറ്റെടുത്താല്‍ വിജയസാധ്യതയുണ്ടെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം. കഴിഞ്ഞതവണ പെരുമ്പാവൂരില്‍ നേരിയ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സീറ്റ് കൈവിട്ടുപോയത്. എന്നാല്‍ സാജു പോളിനെയടക്കം പരിഗണിക്കാമെന്നാണ്ഒരു വിഭാഗത്തിന്റെ അഭിപ്രായം.
നിലവില്‍ ഇവിടെ മത്സരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ് എം നേതാവ് ബാബു ജോസഫ്. എന്നാല്‍ ബാബു ജോസഫിനെ മത്സരിപ്പിക്കുന്നതില്‍ സിപിഐഎം പ്രാദേശിക നേതൃത്വത്തിന് അതൃപ്തിയുണ്ട്.
Content Highlights: CPIM has decided to field five sitting MLAs in the upcoming Kerala Assembly elections