തെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും,സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ച കഴിഞ്ഞില്ല; കെ കെ ശൈലജ

ആധുനിക കേരളത്തെ വളര്‍ത്തിയെടുക്കുന്നതിന് ഈ മുഖ്യമന്ത്രി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും കെ കെ ശൈലജ

തെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും,സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ച കഴിഞ്ഞില്ല; കെ കെ ശൈലജ
dot image

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണം എന്ന കാര്യം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. ടേം വ്യവസ്ഥകള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ച സിപിഐഎം തുടങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകളില്‍ കാര്യമൊന്നുമില്ലെന്നും കെ കെ ശൈലജ പറഞ്ഞു. എന്റെ പേര് മാത്രമല്ല പലരുടെയും പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്, അതൊക്കെ ആര്‍ക്ക് വേണമെങ്കിലും പ്രചരിപ്പിക്കാവുന്നതാണല്ലോ. ആധുനിക കേരളത്തെ വളര്‍ത്തിയെടുക്കുന്നതിന് പിണറായി വിജയൻ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള കമ്മിറ്റിയും മറ്റ് കാര്യങ്ങളും തയ്യാറാക്കി വരുന്നതെയുള്ളു. സ്ഥാനാര്‍ത്ഥി നിര്‍ണയവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളുമെല്ലാം ഇനി തീരുമാനിക്കേണ്ടതുണ്ടെന്നും കെ കെ ശൈലജ പ്രതികരിച്ചു.

മറ്റ് ചില പാര്‍ട്ടികളില്‍ കാണുന്നത് പോലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഞങ്ങള്‍ വ്യക്തിപരമായി തീരുമാനിക്കാറില്ല. 100 സീറ്റുകള്‍ നേടി വിജയിക്കുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് യുഡിഎഫ് പറയുന്നത് എന്ന് അറിയില്ല. എന്താണ് അവര്‍ക്ക് പ്രചരിപ്പിക്കാനുള്ളത്. പറയുന്നവര്‍ക്ക് എന്തും പറയാമെന്നും 140 സീറ്റുകള്‍ കിട്ടുമെന്നും വേണമെങ്കില്‍ പറയാമല്ലോ എന്നും കെ കെ ശൈലജ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു എന്ന് പറയാന്‍ കഴിയില്ല. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്. ഇവിടുത്തെ ഫെഡറല്‍ ഘടന അനുസരിച്ച് നികുതി പണം കേന്ദ്രത്തിലേക്കാണ് നല്‍കുന്നത്. അതില്‍ നിന്നും ഒരു വിഹിതം നമുക്ക് തിരിച്ച് ലഭിക്കും. ടാക്‌സ് ഷെയര്‍ 50 ശതമാനമെങ്കിലും തിരിച്ച് ലഭിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ചെയ്ത എല്ലാ പദ്ധതികളും ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

Content Highlight; Senior CPIM leader K. K. Shailaja said the party will decide the election candidate and that discussions on candidature have not concluded

dot image
To advertise here,contact us
dot image