

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ എസ്എന്‍ഡിപി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ കൊലവിളി പ്രസംഗവുമായി നേതാവ്. ഇനിയും വെള്ളാപ്പള്ളി നടേശനെതിരെ ശബ്ദമുയര്‍ത്തിയാല്‍ കണ്ഠം അരിയാന്‍ തങ്ങള്‍ക്ക് ഒരു സങ്കോചവും ഉണ്ടാകില്ലെന്ന് എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പി എസ് ജയരാജന്‍ പറഞ്ഞു. മുസ്‌ലിം സമുദായത്തിനെതിരെ കടുത്ത വിദ്വേഷ പരാമര്‍ശമാണ് ജയരാജന്‍ ഉയര്‍ത്തിയത്.
'ഇനിയൊരിക്കല്‍ക്കൂടി വെള്ളാപ്പള്ളിക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ആ കണ്ഠം അരിഞ്ഞുമാറ്റാന്‍ യാതൊരു സങ്കോചവുമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്. അങ്ങ് മലപ്പുറത്ത് നിന്റെ ആത്മീയ നേതാക്കന്‍മാരുണ്ടല്ലോ, അവര്‍ക്ക് പുറത്തിറങ്ങി നടക്കണമെങ്കില്‍ ഞങ്ങളോട് ചോദിക്കണം', ജയരാജന്‍ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി വിയിലെ റിപ്പോര്‍ട്ടറായ റഹീസ് റഷീദിനെ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കുന്നില്ല എന്ന ആരോപണത്തെ ചോദ്യം ചെയ്തതത് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചിരുന്നു. ഇതാണ് റഹീസിനെ തീവ്രവാദി എന്ന് വിളിക്കാനുണ്ടായ കാരണം. പിന്നാലെ താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്നും വെള്ളാപ്പള്ളി ആവർത്തിക്കുകയായിരുന്നു.
വെള്ളാപ്പള്ളിയുടെ പരാമര്‍ശം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. വെള്ളാപ്പള്ളി സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത മാടമ്പി ആണെന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്നുവെന്ന് കെയുഡബ്ല്യുജെ അഭിപ്രായപ്പെട്ടിരുന്നു. വിഷലിപ്ത സമീപനത്തില്‍ വെള്ളാപ്പള്ളി മാപ്പ് പറയണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടിരുന്നു.
എംഎസ്എഫ്, കോണ്‍ഗ്രസ്, സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തുടങ്ങിയവരും വെള്ളാപ്പള്ളിയെ തള്ളി രംഗത്തുവന്നിരുന്നു. പത്രപ്രവര്‍ത്തകരെ അവഹേളിക്കുന്നത് ശരിയല്ല എന്നായിരുന്നു കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ വാക്കുകളാണ് വെള്ളാപ്പള്ളിയിലൂടെ പുറത്തുവരുന്നത് എന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത് എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. വെള്ളാപ്പള്ളി സംഘപരിവാറിന്റെ നാവ് കടമെടുത്തുവെന്നും എസ്എന്‍ഡിപിയുടെ അമരത്തിരുന്ന് പറയേണ്ട വാക്കുകളല്ല ഇത് എന്നാണ് എംഎസ്എഫ് നേതാവ് പി കെ നവാസ് പ്രതികരിച്ചത്.
Content Highlights: sndp protest against reporter tv sparks controversy leader delivers threat speech