

ധാക്ക: ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രക്ഷോഭ നേതാവ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് കണ്ടെത്തൽ. കൊലപാതകവുമായി ബന്ധപ്പെട്ട് 17 പേർക്കെതിരെ പൊലീസ് കേസെടുത്തു. അവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടനായ ഛത്ര ലീഗുമായി ബന്ധമുള്ളവരാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് ധാക്ക പൊലീസിന്റെ കണ്ടെത്തൽ.
ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ നിശിത വിമർശകനായിരുന്നു ഒസ്മാൻ ഖാദി. ഇത്തരം വിമർശനങ്ങൾ ശത്രുക്കളിൽ പകയുണ്ടാക്കിയെന്നും അതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് ധാക്ക പൊലീസിന്റെ കണ്ടെത്തൽ. പ്രതികളായവരുടെ രാഷ്ട്രീയ പശ്ചാത്തലമാണ് കൊലപാതകത്തിന് കാരണം രാഷ്ട്രീയ പകപോക്കലാണെന്ന നിഗമനത്തിലേക്കെത്താൻ പൊലീസിനെ പ്രേരിപ്പിച്ചത്.
ഫൈസൽ കരിം മസൂദ് എന്നയാളാണ് ഹാദിയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാൾക്ക് ഛത്ര ലീഗുമായി ബന്ധമുണ്ട്. മറ്റൊരു പ്രതിയായ ടൈസുൽ ഇസ്‌ലാം ചൗധരി ബപ്പി എന്നയാൾ ഛത്ര ലീഗിന്റെ കൗൺസിലർ കൂടിയാണ്.
ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് നിലത്തിറക്കിയ പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവായിരുന്നു ഒസ്മാന്‍ ഹാദി. 2026ല്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയിരുന്നു. ഇതിനിടെയായിരുന്നു ഹാദിയുടെ മരണം. ധാക്കയിലെ ബിജോയ്നഗര്‍ പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ അജ്ഞാതര്‍ ഹാദിക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. മുഖംമൂടി ധരിച്ചവര്‍ വെച്ച വെടി ഹാദിയുടെ തലയിലാണ് ഏറ്റത്. ആരോഗ്യാവസ്ഥ അതീവ ഗുരുതരമായതോടെ കൂടുതല്‍ ചികിത്സയ്ക്കായി ഹാദിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയി.
ചികിത്സയ്ക്കിടെയായിരുന്നു മരണം. ഹാദിയുടെ മരണത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ വ്യാപക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. 'ജതിയ ഛത്ര ശക്തി' എന്ന വിദ്യാര്‍ത്ഥി സംഘടന സംഘടിപ്പിച്ച വിലാപയാത്രയ്ക്കിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘടന ആഭ്യന്തര മന്ത്രിയുടെ കോലം കത്തിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlights: Police investigating the murder of Osman Hadi have identified the motive behind the crime. Following the inquiry, legal action has been taken, and cases have been registered against 17 individuals connected to the incident.