

കല്‍പ്പറ്റ: വനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി, ബന്ദിയാക്കി അമേരിക്ക നടത്തിയ കടന്നുകയറ്റം അപലപനീയവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണെന്ന് കെപിസിസി ക്യാമ്പില്‍ പ്രമേയം. സാമ്രാജ്യത്വ അധിനിവേശത്തിന്റെ കിരാത ഹസ്തത്തില്‍ അകപ്പെടുന്ന വെനസ്വേലന്‍ ജനതയ്ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രമേയത്തില്‍ പറഞ്ഞു.
'ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും ഏറ്റവും ഒടുവില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ഐക്യ ജനാധിപത്യമുന്നണിക്ക് ഐതിഹാസിക വിജയം സമ്മാനിച്ച കേരള ജനതയ്ക്ക് കെപിസിസിയുടെ 'ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ് ' നന്ദിയും അഭിവാദ്യവും അര്‍പ്പിക്കുന്നു. ശക്തമായ രാഷ്ട്രീയ അടിത്തറയും ജനവിശ്വാസവും സമരോത്സുകമായ സംഘടനാ സംവിധാനവുമാണ് യുഡിഎഫിന് ചരിത്രവിജയം സമ്മാനിച്ചതെന്ന് ഞങ്ങള്‍ തിരിച്ചറിയുകയാണ്. ഈ വിജയം കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളതാക്കുന്നു; നേതൃത്വത്തെ കൂടുതല്‍ വിനയാന്വിതരാക്കുന്നു; മുമ്പോട്ടുള്ള ഗതികോര്‍ജ്ജത്തിന് ആക്കം നല്‍കുന്നു.
ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം ഈ നാടിനുവേണ്ടി കൂടുതല്‍ ശക്തമായ പോരാട്ടങ്ങള്‍ക്ക് ഞങ്ങളെ സജ്ജരാക്കുകയാണ്. രാജ്യത്തെ കോടാനുകോടി ഗ്രാമീണ ജനതയ്ക്കു വേണ്ടി യുപിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരു മാറ്റി കൊല്ലാക്കൊല ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും; ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയിലെ സ്വര്‍ണ്ണം കൊള്ളയടിക്കാന്‍ കൂട്ടു നില്‍ക്കുകയും പങ്കാളികളാവുകയും ചെയ്ത കേരള സര്‍ക്കാരിനെതിരെ പൊതുജനങ്ങളെ അണിനിരത്തി പ്രതിഷേധം കടുപ്പിക്കും; മതവിദ്വേഷവും വിഭാഗീയതയും സൃഷ്ടിച്ച് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ മലിനമാക്കാനുള്ള പ്രവണതകള്‍ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ക്യാമ്പ് അപലപിക്കുന്നു. ഇത്തരം പ്രവണതകള്‍ക്കെതിരെ ജാഗ്രതയോടെ കൈകോര്‍ക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.
വിലക്കയറ്റവും നികുതിഭാരവും പിന്‍വാതില്‍ നിയമനവും സ്വജനപക്ഷപാതവും അഴിമതിയും ഉള്‍പ്പെടെ ജനദ്രോഹം മുഖമുദ്രയാക്കിയ, കേരളത്തിന് അപമാനവും ഭാരവുമായ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും പ്രതിജ്ഞാബദ്ധരാണെന്ന് ഈ ക്യാമ്പ് പ്രഖ്യാപിക്കുന്നു.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി, ബന്ദിയാക്കി അമേരിക്ക നടത്തിയ കടന്നുകയറ്റം അപലപനീയവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്. സാമ്രാജ്യത്വ അധിനിവേശത്തിന്റെ കിരാത ഹസ്തത്തില്‍ അകപ്പെടുന്ന വെനസ്വേലന്‍ ജനതയ്ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു' എന്നാണ് പ്രമേയം.
Content Highlights: The KPCC leadership camp passed a resolution condemning the US incursion, stating that it amounts to a blatant violation of international law.