ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന പരാതി; കൊച്ചി ബിനാലെയിൽ നിന്ന് വിവാദ പെയിന്റിംഗ് നീക്കി

പ്രദര്‍ശനത്തിനെതിരെ വിവിധ സഭകള്‍ പ്രതിഷേധിച്ചിരുന്നു

ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന പരാതി; കൊച്ചി ബിനാലെയിൽ നിന്ന് വിവാദ പെയിന്റിംഗ് നീക്കി
dot image

കൊച്ചി: മുസിരിസ് ബിനാലെയിലെ വിവാദ ചിത്രം നീക്കി. ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന ആരോപണം ഉയര്‍ന്ന ചിത്രമാണ് നീക്കിയത്. പെയിന്റിങ്, പ്രദര്‍ശനത്തില്‍ നിന്ന് നീക്കിയതായി ബിനാലെ ഫൗണ്ടേഷന്‍ അറിയിച്ചു. ക്യൂറേറ്ററും കലാകാരനും ചേര്‍ന്നുള്ള തീരുമാനമെന്നാണ് വിശദീകരണം. ടോം വട്ടക്കുഴിയുടെ ചിത്രമാണ് നീക്കിയത്. പ്രദര്‍ശനത്തിനെതിരെ വിവിധ സഭകള്‍ പ്രതിഷേധിച്ചിരുന്നു.

പെയിന്റിങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമാക്കി അവതരിപ്പിച്ചുവെന്ന് ആരോപിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ബിനാലെയുടെ ഭാഗമായ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ ടോം വട്ടക്കുഴിയുടെ ചിത്രമാണ് വിവാദത്തിലായത്.

ബിനാലെയില്‍ പ്രദര്‍ശിക്കപ്പെട്ടിട്ടുള്ള 'മൃദുവാംഗിയുടേ ദുര്‍മൃത്യു' എന്ന പേരിലുള്ള ചിത്രാവിഷ്‌കാരം കലാസ്വാതന്ത്ര്യത്തിന്റെ മറവില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പരിശുദ്ധമായ ദൃശ്യബോധത്തെ അപമാനിക്കുന്നതാണെന്ന് പരാതിക്കാരന്‍ പറഞ്ഞിരുന്നു. അന്ത്യ അത്താഴത്തെ അനുകരിക്കുന്ന ദൃശ്യഘടനയില്‍ അതിനോട് യാതൊരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും ഇത് മതവികാരങ്ങളെ വേദനിപ്പിക്കുന്നതും വിശ്വാസികളെ അപമാനിക്കുന്നതുമായ ഒരു പ്രവൃത്തിയാണെന്നും പരാതിയിലുണ്ട്.

പ്രസ്തുത ചിത്രം കൊച്ചി ബിനാലെയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കണമെന്നും ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ച് മാപ്പ് പ്രഖ്യാപിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ബിനാലെ വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Content Highlights: A painting was removed from the Kochi Muziris Biennale after allegations emerged that it distorted the depiction of Christ’s Last Supper.

dot image
To advertise here,contact us
dot image