

കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴ് വരെ നീട്ടി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെ രണ്ട് തവണ ഹൈക്കോടതി മാറ്റിയിരുന്നു. കേസിൽ രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞു കൊണ്ടായിരുന്നു രണ്ട് വട്ടവും ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഡിസംബർ 15ന് കേസ് പരിഗണിക്കുന്നതിനാണ് ആദ്യം മാറ്റിയത്. ഡിസംബർ 15നായിരുന്നു കേസ് ഡിസംബർ 18ലേയ്ക്ക് പരിഗണിക്കുന്നതിനായി മാറ്റിയത്.
മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെയായിരുന്നു രാഹുൽ ഹെെക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. അതിജീവിതയുടെ പരാതിയനുസരിച്ച് എസ്‌ഐടി ചുമത്തിയ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ വാദിച്ചിരുന്നു.
നേരത്തെ രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ രണ്ടാഴ്ചയോളം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത് വന്നിരുന്നു. കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയാണ് 15 ദിവസത്തെ ഒളിവ് ജീവിതം രാഹുൽ മാങ്കൂട്ടത്തിൽ അവസാനിപ്പിച്ചത്. രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. എംഎൽഎ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിന് മുന്നിൽ സിപിഐഎം, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ഡിസംബർ 15ന് കേസ് പരിഗണിക്കുന്നതിനായി മാറ്റുന്നതായി അറിയിച്ചു കൊണ്ടായിരുന്നു കോടതി നടപടി. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കേസ് ഡയറി ഹാജരാക്കണമെന്നും നിർദേശമുണ്ടായിരുന്നു.
അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ്. പൊലീസിനാണ് ആദ്യം പരാതി നൽകേണ്ടതെന്നും രാഹുൽ ഹർജിയിൽ പരാമർശിച്ചിരുന്നു. പരാതിക്കാരിയുടെ എല്ലാ ആക്ഷേപങ്ങളിലും തനിക്ക് മറുപടിയുണ്ട്. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിന് വിശദീകരണം നൽകാൻ തയ്യാറാണ്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും രാഹുൽ ഹർജിയിൽ പറഞ്ഞിരുന്നു.
ഇതിനിടെ രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണണെന്നാണ് നിർദേശം.
ബെംഗളൂരു സ്വദേശിനിയായ 23 കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. താൻ നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് അതിജീവിത കഴിഞ്ഞദിവസം മൊഴി നൽകിയിരുന്നു. വിവാഹവാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച രാഹുൽ അതിക്രൂരമായി തന്നെ ബലാത്സംഗം ചെയ്തതായാണ് അതിജീവിത എസ്‌ഐടിക്ക് മൊഴി നൽകിയത്. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമമാണ് രാഹുൽ നടത്തിയതെന്നും മൊഴിയിലുണ്ട്. തന്റെ ടെലഗ്രാം നമ്പർ സംഘടിപ്പിച്ച ശേഷം താനുമായി രാഹുൽ മാങ്കൂട്ടത്തിൽ അടുപ്പം സ്ഥാപിച്ചു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി. അവധിക്ക് നാട്ടിലെത്തിയ തന്നെ ഭാവി കാര്യങ്ങൾ സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്റെ കാറിൽ ഒരു ഹോം സ്റ്റേയിലെത്തിച്ചു. അവിടെ വെച്ച് തന്റെ എതിർപ്പ് അവഗണിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനിടെ 'ഐ വാണ്ട് ടു റേപ്പ് യൂ' എന്ന് രാഹുൽ ആവർത്തിച്ചു. കരഞ്ഞ് കാലുപിടിച്ചിട്ടും ഉപദ്രവം തുടർന്നു. അതിനിടെ തനിക്ക് പാനിക്ക് അറ്റാക്കും ശ്വാസം മുട്ടലുമുണ്ടായി. എന്നിട്ടും രാഹുൽ പിന്മാറിയില്ല. അതിക്രമത്തിന് ശേഷം, തന്നെ വിവാഹം കഴിക്കാനാവില്ലെന്ന് രാഹുൽ പറഞ്ഞു. അതോടെ മാനസികമായും ശാരീരികമായും താൻ തകർന്നു. കുറച്ചുനാൾ കഴിഞ്ഞ് തന്നോട് ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ ശ്രമിച്ചു. തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ശേഷം തന്റെ വീടിന് സമീപം കാറുമായെത്തി കയറാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ ഫോണിൽ വിളിച്ച് രാഹുൽ അസഭ്യം പറഞ്ഞെന്നും അതിജീവിത എസ്‌ഐടിക്ക് മൊഴി നൽകി. മൊഴിയും അതിജീവിത കൈമാറിയ തെളിവുകളും മുദ്രവെച്ച കവറിൽ പൊലീസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്രിസ്തുമസിന് ശേഷം സർക്കാർ ഹർജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: High Court extends ban on arrest of Rahul Mangkootatil till January 7