രാഷ്ട്രീയ എതിരാളി ഡിഎംകെ, പ്രത്യയശാസ്ത്ര എതിരാളി ബിജെപി; വീണ്ടും കളം പിടിച്ച് വിജയ്

ഡിഎംകെ ദുഷ്ടശക്തിയാണെന്നും ടിവികെ ശുദ്ധമാണെന്നും വിജയ് പറഞ്ഞു

രാഷ്ട്രീയ എതിരാളി ഡിഎംകെ, പ്രത്യയശാസ്ത്ര എതിരാളി ബിജെപി; വീണ്ടും കളം പിടിച്ച് വിജയ്
dot image

ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ നേരിട്ട പ്രതിസന്ധിയെ മറികടന്ന് നടന്‍ വിജയുടെ തിരിച്ചുവരവിന് വഴിയൊരുക്കി ഈറോഡിലെ മഹാറാലി. സെപ്തംബര്‍ 27 ന് 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തിന് ശേഷം നടന്ന വിജയ്‌യുടെ മൂന്നാമത്തെ പൊതുപരിപാടിയാണ് ഇന്ന് ഈറോഡില്‍ നടന്നത്. ഭരണകക്ഷിയായ ഡിഎംകെയെ കടന്നാക്രമിച്ച വിജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തുടര്‍ച്ചയാണ് പ്രസംഗത്തിലുടനീളം മുഴങ്ങിക്കേട്ടത്. കരൂർ അപകടത്തിന് ശേഷം കഴിഞ്ഞ മാസം കാഞ്ചീപുരത്തും പിന്നാലെ ഈ മാസം പോണ്ടിച്ചേരിയിലും വിജയ്‌യുടെ പൊതുപരിപാടി നടന്നിരുന്നു.

ഡിഎംകെ ദുഷ്ടശക്തിയാണെന്നും ടിവികെ ശുദ്ധമാണെന്നും വിജയ് പറഞ്ഞു. പെറ്റമ്മ നല്‍കുന്ന ധൈര്യത്തേക്കാള്‍ വലുത് വേറെയില്ല. അത്തരം ധൈര്യമാണ് ഇവിടെ അമ്മമാരും പെങ്ങന്മാരും എനിക്ക് നല്‍കുന്നത്. 10-ാം വയസ്സില്‍ സിനിമയില്‍ വന്നതാണ്. അപ്പോള്‍ മുതല്‍ ഇവിടെയുണ്ട്. വിജയ്‌ക്കെതിരെ അപവാദം പറയുന്നവര്‍ക്ക് അറിയില്ല ഇത് ഇന്നലെ പൊട്ടിമുളച്ചതല്ലെന്ന്. എല്ലാം ഉപേക്ഷിച്ച് മക്കള്‍ക്കായി വന്ന വിജയിയെ മക്കള്‍ ഒരിക്കലും കൈവിടില്ല. നിങ്ങള്‍ കൂടെ നില്‍ക്കില്ലേയെന്നും വിജയ് പറഞ്ഞു.

ഡിഎംകെയ്ക്ക് കൊള്ളയടിച്ച കാശാണ് തുണ. തനിക്ക് ജനപിന്തുണയാണ് തുണ. നിങ്ങള്‍ക്ക് വേണ്ടിയാണ് വന്നത്. ജീവിതം മുഴുവന്‍ നിങ്ങളോട് നന്ദിയോടെ പ്രവര്‍ത്തിക്കും. പെരിയാര്‍ എന്നുപറഞ്ഞ് ദയവുചെയ്ത് കൊള്ളയടിക്കരുത്. നമ്മുടെ രാഷ്ട്രീയ എതിരാളി ഡിഎംകെയാണ്. പ്രത്യയശാസ്ത്ര എതിരാളി ബിജെപിയുമാണെന്നും വിജയ് പറഞ്ഞു.

ഡിഎംകെയും പ്രശ്‌നങ്ങളും ഒട്ടിപ്പിടിച്ചവരാണ്. അവരെ വേര്‍പിരിക്കാനാകില്ല. മഞ്ഞള്‍ കൃഷിക്ക് വേണ്ടി ഡിഎംകെ ഒന്നും ചെയ്തില്ല. വാഗ്ദാനം മാത്രം നല്‍കി. ആകെ നല്‍കിയത് വലിയ സീറോയാണെന്നും വിജയ് കടന്നാക്രമിച്ചു. പുഴകള്‍ ശുദ്ധിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് മണല്‍ കൊള്ളയടിച്ചു. സ്വകാര്യമേഖലയില്‍ നിന്ന് വൈദ്യുതി വാങ്ങാനാണ് ഡിഎംകെയുടെ ശ്രമം. അതിനുള്ള കളികളാണ് ഡിഎംകെ നടത്തുന്നത്. വിജയിയുടെ ക്യാരക്ടര്‍ പോലും മനസ്സിലാകുന്നില്ലന്ന് സ്റ്റാലിന്‍ പറഞ്ഞു. ത് ഒരു സിനിമ ഡയലോഗ് ആണ്
എന്നിട്ടാണ് താന്‍ പറയുന്നത് സിനിമാ ഡയലോഗ് ആണെന്ന് പറയുന്നതെന്നും വിജയ് പറഞ്ഞു.

മുന്‍ എഐഎഡിഎം നേതാവ് സെങ്കോട്ടയ്യന്റെ ജന്മദേശമായ വിജയമംഗലത്തിന് തൊട്ടടുത്താണ് ഈറോഡ് എന്നതും അവിടെ ആയിരക്കണക്കിനാളുകള്‍ റാലിക്കായി അണിനിരന്നതും രാഷ്ട്രീയനേട്ടമായി കണക്കാക്കുന്നു. ഡിഎംകെ പുറത്താക്കിയതിന് പിന്നാലെ കഴിഞ്ഞമാസം സെങ്കോട്ടയ്യന്‍ ടിവികെയില്‍ ചേരുകയായിരുന്നു.

Content Highlights: Vijays Big Political Return After Karur Tragedy at erode and criticize DMK

dot image
To advertise here,contact us
dot image