

കോഴിക്കോട് : കട്ടിപ്പാറയിൽ മുളകുപൊടിയുമായെത്തി അയല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ സ്വര്‍ണമാലപൊട്ടിച്ചോടിയ കേസില്‍ യുവതി അറസ്റ്റില്‍. ചമല്‍ പൂവന്‍മല വാണിയപുറായില്‍ വിഎസ് ആതിരയെന്ന ചിന്നു(26) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ ചമല്‍ പൂവന്‍മല പുഷ്പവല്ലി(63)യെ ആക്രമിച്ചാണ് യുവതി രണ്ട് പവൻ്റെ സ്വര്‍ണമാല പൊട്ടിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഒറ്റയ്ക്കു താമസിച്ചിരുന്ന പുഷ്പവല്ലി വീടിൻ്റെ വരാന്തയിലിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പുറകിലൂടെയെത്തിയ പ്രതി ആക്രമിച്ചെന്നാണ് പരാതി. വരാന്തയില്‍ മുളകുപൊടി വിതറി വീട്ടമ്മയുടെ കണ്ണും മുഖവും ബലമായി പൊത്തിപ്പിടിച്ച് തടഞ്ഞുവെച്ചുമാണ് പ്രതി മോഷണം നടത്തിയത്.
കഴുത്തിലെ സ്വര്‍ണമാല കവരാന്‍ശ്രമിക്കവെ പുഷ്പവല്ലി ബഹളംവെച്ചതുകേട്ട് സമീപവാസിയായ മറ്റൊരുയുവതി അവിടേക്ക് ഓടിയെത്തിയെങ്കിലും പ്രതി പുഷ്പവല്ലിയുടെ കഴുത്തിലെ സ്വര്‍ണമാല പൊട്ടിക്കുകയും അടുക്കളവാതില്‍ വഴി രക്ഷപ്പെട്ടിരുന്നു. കവര്‍ച്ച ശ്രമത്തെ പ്രതിരോധിക്കുന്നതിനിടെ കഴുത്തിന് പരിക്കേറ്റ പുഷ്പവല്ലി പിന്നീട് താമരശ്ശേരി ഗവ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത താമരശ്ശേരി പൊലീസ് പ്രതിയായ ആതിരയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlight : Woman arrested for breaking into neighbor's house, sprinkling chili powder and stealing necklace in Kozhikode