

തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിന് വിരുദ്ധമായി സർക്കാർ വാഹനങ്ങളുടെ ഉപയോഗകാലാവധി 20 വർഷമായി ഉയർത്തും. വിജ്ഞാപനത്തിന്റെ കരട് പുറത്തിറക്കി. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാരിന് പങ്കാളിത്തമുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ 20 വർഷം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഭേദഗതി.
സമവർത്തിപ്പട്ടികയിൽ കേന്ദ്രത്തിന് വിരുദ്ധമായ നിയമനിർമാണം പാടില്ലെന്ന വ്യവസ്ഥ ലംഘിക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. വാഹനങ്ങളുടെ ഉപയോഗ കാലാവധി നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലാത്തപ്പോഴാണ് നിയമനിർമാണമെന്നും ആക്ഷേപമുണ്ട്.
2021-ലെ കേന്ദ്രസർക്കാരിന്റെ പഴയവാഹനം പൊളിക്കൽ നയത്തെത്തുടർന്ന് 15 വർഷം പിന്നിട്ട 4500 സർക്കാർ വാഹനങ്ങളുടെയും 1115 കെഎസ്ആർടിസി ബസുകളുടെയും രജിസ്‌ട്രേഷൻ റദ്ദാക്കിയിരുന്നു. സർക്കാർ വാഹനങ്ങൾ പൊളിക്കാൻ തീരുമാനിച്ചപ്പോൾ പ്രത്യേക ഉത്തരവിലൂടെ രണ്ടുതവണ കാലാവധി നീട്ടി കെഎസ്ആർടിസി ബസുകൾ നിരത്തിലിറക്കി. നടപടിക്ക് അധികപരിരക്ഷ നൽകാനാണ് നിയമഭേദഗതി.
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ‘വാഹൻ’ വെബ്‌സൈറ്റിൽ ഇവയുടെ രജിസ്‌ട്രേഷൻ റദ്ദായതിനാൽ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ രജിസ്റ്ററിൽ എഴുതിയാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നത്. ആറുമാസത്തിനുള്ളിൽ 900 ബസുകളുടെ രജിസ്‌ട്രേഷൻകൂടി റദ്ദാകും. പൊതുമേഖലാ റോഡ് ട്രാൻസ്പോർട്ടിങ് കോർപ്പറേഷനുകൾക്ക് ഇൻഷുറൻസ് ഇല്ലാതെയും വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയുള്ളതുകൊണ്ടാണ് കാലാവധി കഴിഞ്ഞ ബസുകൾ ഓടിക്കാൻ കെഎസ്ആർടിസിക്ക് കഴിയുന്നത്. നഷ്ടപരിഹാരം സ്വന്തംനിലയ്ക്ക് നൽകുകയാണ്. അംഗീകൃത പൊളിക്കൽകേന്ദ്രങ്ങൾ തുടങ്ങാത്തതിനാൽ കാലാവധികഴിഞ്ഞ സർക്കാർവാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
Content Highlight : Government vehicles' validity extended to 20 years; draft notification issued