

മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" റെക്കോർഡുകൾ തിരുത്തിയാണ് തിയേറ്റർ വിട്ടത്. ആഗോള തലത്തിൽ നിന്നും 300 കോടിയാണ് സിനിമ അടിച്ചെടുത്തത്. സിനിമയിലെ കല്യാണിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ ആദ്യം ഒരു കഥാപാത്രത്തിലേക്ക് ബേസിൽ ജോസഫിനെ ആലോചിച്ചിരുന്നു എന്ന് മനസുതുറക്കുകയാണ് കല്യാണി പ്രിയദർശൻ. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ നടത്തിയ റൗണ്ട്ടേബിളിൽ ആണ് കല്യാണി ഇക്കാര്യം പറഞ്ഞത്.
'ഈ സിനിമ ഞാൻ ചെയ്യണം എന്ന് എന്നോട് ആദ്യം പറഞ്ഞ ആൾ ബേസിൽ ആണ്. തുടക്കത്തിൽ ലോകയിലെ ഒരു കഥാപാത്രം ചെയ്യാനിരുന്നത് ബേസിൽ ആയിരുന്നു. പക്ഷെ ബേസിലിന് ഡേറ്റ് ഇല്ലായിരുന്നു', എന്നായിരുന്നു കല്യാണിയുടെ വാക്കുകൾ. 'ഇനിയും നാല് ഭാഗങ്ങൾ വരാനുണ്ടല്ലോ അതിൽ ഏതിലെങ്കിലും വരുമല്ലോ' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ബേസിലിന്റെ മറുപടി. ചിത്രത്തിൽ നസ്ലെൻ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രത്തിലേക്ക് ആണ് ബേസിലിനെ ആദ്യ കാസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്.
Basil Joseph was initially set to play the role eventually portrayed by Naslen, but he has now opened up the possibility of appearing in future installments in a different role❗pic.twitter.com/01IYNwzDko
— Mohammed Ihsan (@ihsan21792) December 18, 2025
അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായമാണ് അഭിക്കുന്നത്.
Content Highlights: Basil was supposed to do a role in Lokah says Kalyani