വയർ പണിമുടക്കിയാലും പബ്ലിക്ക് വാഷ്‌റൂമിൽ പോകാൻ നാണക്കേട്! എന്താണ് ഷൈ ബൗൾ സിൻഡ്രോം

പബ്ലിക്ക് ടോയ്‌ലറ്റുകളോ പരിചിതമല്ലാത്ത സ്ഥലങ്ങളോ ഉപയോഗിക്കേണ്ടതായി വരുമ്പോൾ ചിലരിൽ ഉത്കണ്ഠയോ ബുദ്ധിമുട്ടോ അനുഭവപ്പെടും

വയർ പണിമുടക്കിയാലും പബ്ലിക്ക് വാഷ്‌റൂമിൽ പോകാൻ നാണക്കേട്! എന്താണ് ഷൈ ബൗൾ സിൻഡ്രോം
dot image

വയറിനെത്ര ബുദ്ധിമുട്ട് ഉണ്ടായാലും മലവിസർജ്ജ്യം ചെയ്യാൻ സ്വന്തം വീട്ടിലെ കഴിയു എന്ന മനസ്ഥിതി ഉണ്ടായാൽ എന്ത് ചെയ്യും. ഉത്കണ്ഠയുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന ഈ അവസ്ഥയെയാണ് ഷൈ ബൗൾ സിൻഡ്രോം അഥവാ പാക്കോപ്രസസ് എന്ന് വിളിക്കുന്നത്. വയറിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പലർക്കും ഒരു കംഫർട്ട് സോണുണ്ടെങ്കിൽ അത് സ്വന്തം വീടുതന്നെയാണ്. പരിചിതമായ സാഹചര്യത്തിലല്ലെങ്കിൽ അത് പലരിലും ഉത്കണ്ഠയും ദുരിതപൂർണമായും അവസ്ഥയും സൃഷ്ടിക്കും. കേൾക്കുമ്പോൾ ചിലരെങ്കിലും ഈ അവസ്ഥയെ ചിരിച്ച് തള്ളിയേക്കാം. എന്നാൽ ഇത് ആരോഗ്യവിദഗ്ധർ പോലും അംഗീകരിച്ച ഒരു അവസ്ഥയാണ്.

പൊതുയിടത്തിൽ വച്ചാണ് വയറിന് എന്തെങ്കിലും പ്രശ്‌നമുണ്ടാകുന്ന സാഹചര്യമുണ്ടാകുന്നതെന്ന് കരുതുക, ഇത്തരം ആളുകൾ അപ്പോൾ സമ്മർദത്തിലാകുന്നു. നിരവധി ആളുകളിൽ ഈ പ്രശ്‌നം കാണപ്പെടുന്നുണ്ട്. എന്നാൽ പലരും ഇത് തുറന്ന് പറയാൻ തയ്യാറാവില്ല. അവധിദിനങ്ങളിലെ യാത്രക്കിടയിൽ ചിലർക്ക് ദിവസങ്ങളോളം മലവിസർജ്ജ്യം ചെയ്യാൻ കഴിയാതെ പോകുന്ന അവസ്ഥ ഉണ്ടാകാം. യാത്രയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മലബന്ധമാണിത്. ഇതൊക്കെ സാധാരണയല്ലേ എന്ന് തോന്നാമെങ്കിലും ഈ അവസ്ഥ ചിലപ്പോൾ ചികിത്സ തേടേണ്ട അവസ്ഥയിൽ കൊണ്ടെത്തിച്ചേക്കാം.

സോഷ്യൽ ആങ്ക്‌സൈറ്റി ഡിസോഡറിന്റെ പരിധിയിൽ വരുന്ന ഒരു സൈക്കോളജിക്കൽ കണ്ടീഷനണ് ഷൈ ബൗൾ സിൻഡ്രോം. ഓസ്‌ട്രേലിയൻ സർവകലാശാലയിലെ വിദ്യാർത്ഥികളിൽ നടത്തിയ ഒരു പഠനത്തിൽ ഏകദേശം പതിനാല് ശതമാനത്തോളം പേർക്ക് ഷൈ ബൗൾ സിൻഡ്രോം ലക്ഷണങ്ങൾ ഉള്ളതായി മനസിലാക്കാൻ കഴിഞ്ഞു. ഈ അവസ്ഥയ്ക്ക് സോഷ്യൽ ആങ്ക്‌സൈറ്റി ലക്ഷണങ്ങളുടെ നേരിട്ടുള്ള സ്വാധീനമുണ്ടെന്നും കണ്ടെത്തി. ഈ അവസ്ഥയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ആരോഗ്യവിദഗ്ധർ ഈ അവസ്ഥയെ ഗൗരവമായി തന്നെയാണ് കണക്കാക്കുന്നത്.

Shy Bowel Syndrome
Shy Bowel Syndrome

മലവിസർജ്ജ്യം നടത്തണമെന്ന് ശരീരത്തിന് കൃത്യമായി അറിയാമെങ്കിലും ഇതിന് തടസം നിൽക്കുന്നത് മനസാണ്. പബ്ലിക്ക് ടോയ്‌ലറ്റുകളോ പരിചിതമല്ലാത്ത സ്ഥലങ്ങളോ ഉപയോഗിക്കേണ്ടതായി വരുമ്പോൾ ചിലരിൽ ഉത്കണ്ഠയോ ബുദ്ധിമുട്ടോ അനുഭവപ്പെടുമെന്ന് ഹൈദരാബാദിലെ ബഞ്ചാരാ ഹിൽസ് CARE ആശുപത്രിയിലെ മെഡിക്കൽ ഗാസ്‌ട്രോയെന്ററോളജി സീനിയർ കൺസൾട്ടന്റും ക്ലിനിക്കൽ ഡയറക്ടറുമായ ഡോ ആകാശ് ചൗധരി വിശദീകരിക്കുന്നു. സമയം പോകുന്നത് അനുസരിച്ച്, ഇത്തരത്തിൽ മലവിസർജ്ജ്യം തടഞ്ഞുനിർത്തുന്നത് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. മലബന്ധം, വയറിനുള്ളിലെ ബുദ്ധിമുട്ട് എന്നീ പരാതികളുമായായിരിക്കും ഇത്തരം പ്രശ്‌നമുള്ളവർ ഡോക്ടർമാരെ സമീപിക്കുക. ഏറ്റവും ഒടുവിലാകും ഇവർ വീടിന് പുറത്തുള്ള ടോയ്‌ലറ്റുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണെന്ന് തുറന്നുപറയുക. ഈ അവസ്ഥയുടെ കാഠിന്യം കൂടുമ്പോൾ ഇതിനൊപ്പം അതിതീവ്രമായ ഉത്കണ്ഠ, ഹൃദയമിടിപ്പ് വർധിക്കുക, വിയർക്കുക, വിറയ്ക്കുക, പെട്ടെന്ന് പാനിക്കാകുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണാൻ കഴിയും.

കൂടുതൽ കേസുകളിലും അടിസ്ഥാന കാരണം സൈക്കോളജിക്കലാണ്. സോഷ്യൽ ആങ്ക്‌സൈറ്റി, ജഡ്ജ് ചെയ്യപ്പെടുമോ എന്ന ഭയം, നാണക്കേട്, പൊതു ടോയ്‌ലെറ്റുകൾ ഉപയോഗിച്ചപ്പോൾ മുൻപുണ്ടായ ദുരനുഭവം ഇതെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാകാം. സമയം പോകുന്നത് അനുസരിച്ച്, ചില സാഹചര്യങ്ങളെ തലച്ചോറ് സമ്മർദവുമായി ബന്ധപ്പെടുത്തും, ഈ സമ്മർദം വയറുമായി ബന്ധപ്പെട്ട സാധാരണ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. കുട്ടിക്കാലത്ത് രൂക്ഷമായ ടോയ്‌ലറ്റ് ട്രെയിനിങ്, കർശനമായ രീതിയിൽ വളർന്നു വരുന്ന സാഹചര്യമെല്ലാം ഈ അവസ്ഥയെ സ്വാധീനിക്കാമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

വീട്ടിലായിരിക്കുമ്പോൾ ശരിയായ രീതിയിൽ വാഷ്‌റൂമിൽ പോകുന്നത് ശീലമാക്കുകയാണ് ഇതിനെ നേരിടാനുള്ള ആദ്യരീതി. നിങ്ങളുടെ ഉത്കണ്ടയെ നേരിടുകയാണ് അടുത്ത വഴി. ഇത് തുറന്നുപറയാനും തെറാപ്പി, കൗൺസിലിങ് എന്നിവ നടത്താനും ശ്രമിക്കണം. മലബന്ധം ഗൗരവമായ അവസ്ഥയിലേക്ക് കടക്കുന്നതായി തോന്നിയാൽ പെട്ടെന്ന് തന്നെ ചികിത്സ തേടണം. പൊതുയിടത്തിലുണ്ടാകുന്ന ഉത്കണ്ഠയെ നേരിടാൻ യാത്ര ചെയ്യുന്നതിന് മുന്നേ മൂത്രമൊഴിക്കുന്നത് ശീലമാക്കാം. ലൈറ്റായി മാത്രം ഭക്ഷണം കഴിക്കാനും ഓർത്തിരിക്കാം. വയറും തലച്ചോറുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ഈ അവസ്ഥ. ഇതേകുറിച്ച് ഓർത്ത് നാണക്കേട് തോന്നേണ്ട കാര്യമില്ല. നിങ്ങളുടെ ദുരവസ്ഥയിൽ നിന്നും കരകയറാൻ എത്രയും വേഗം സഹായം തേടുക.

Content Highlights: anxiety and distress while using public washrooms, known as shy bowel syndrome

dot image
To advertise here,contact us
dot image