

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിൽ ഉൾപ്പെടെ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഐഎമ്മിൽ ഒരു വിഭാഗത്തിന് അതൃപ്തി. ഭാരതാംബ വിവാദത്തിൽ സസ്പെൻഷനിലായ കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ സ്ഥലംമാറ്റവും സർക്കാർ ഗവർണർക്ക് വഴങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട് എന്ന ആശങ്കയാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. ഈ നീക്കങ്ങളിൽ ഇടത് വിദ്യാർത്ഥി അധ്യാപക സംഘടനകൾക്കും ജീവനക്കാർക്കും കടുത്ത അതൃപ്തിയുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചില നേതാക്കൾ ഈ ആശങ്ക അറിയിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ ധാരണയിൽ എത്തിയില്ലെങ്കിൽ ഒഴിഞ്ഞ് കിടക്കുന്ന മറ്റ് വിസി നിയമനവും പ്രതിസന്ധിയിൽ ആകുമെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരണം എന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സിസ തോമസിനെ കേരള ശാസ്ത്ര സാങ്കേതിക സർവ്വകലാശാല വിസിയായും സജി ഗോപിനാഥിനെ ഡിജിറ്റൽ സർവ്വകലാശാല വിസിയായും നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ലോക്ഭവൻ പുറത്തിറക്കിയിരുന്നു. സുപ്രീം കോടതി വരെ നീണ്ട നിയമപോരാട്ടങ്ങൾക്ക് ഇടെയായിരുന്നു വിഷയത്തിൽ സമവായം ഉണ്ടായത്. നേരത്തെ സിസ തോമസിനെ വി സിയായി നിയമിക്കണമെന്ന ഗവർണറുടെ പിടിവാശിക്ക് സർക്കാർ വഴങ്ങിയിരുന്നില്ല. സജി ഗോപിനാഥിൻ്റെ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്താലും സിസി തോമസ് വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ ഗവർണറുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സിസി തോമസിനെ വിസിയാക്കി ചാൻസലർ കൂടിയായ ഗവർണർ ഉത്തരവിറക്കിയത്.
നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ച സമവായ നിർദ്ദേശങ്ങൾക്ക് സർക്കാരും ഗവർണറും വഴങ്ങാതെ വന്നതോടെ സ്ഥിര വി സി നിയമനം സ്വന്തം നിലയിൽ നടത്തുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വി സി നിയമനത്തിനായി മുദ്ര വെച്ച് കവറിൽ ഓരോ പേരുകൾ വീതം നൽകാൻ സുപ്രീം കോടതി സുധാൻശു സുധാൻശു ധൂലിയ കമ്മിറ്റിയോട് നിർദ്ദേശിച്ചിരുന്നു. കേരള ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, കേരള ഡിജിറ്റൽ സർവ്വകലാശാല സ്ഥിര വി സി സ്ഥാനത്തേയ്ക്ക് സുധാൻശു ധൂലിയ കമ്മിറ്റി പേരുകൾ സുപ്രീം കോടതിയ്ക്ക് കൈമാറാനിരിക്കെയാണ് സർക്കാരും ഗവർണറും സമവായത്തിലെത്തിയതും വി സിമാരെ നിയമിച്ച് ഉത്തരവിറക്കിയതും.
നേരത്തെ ഡോ. സതീഷ് കുമാറിനെയും സജി ഗോപിനാഥിനെയും വിസിമാരായി പരിഗണിക്കണമെന്നായിരുന്നു നേരത്തെ സർക്കാരിൻ്റെ താൽപ്പര്യം. എന്നാൽ ഗവർണർ ഈ നീക്കത്തെ എതിർക്കുകയായിരുന്നു. പ്രിയ ചന്ദ്രനെ ഡിജിറ്റൽ സർവ്വകലാശാല വിസിയായും സിസ തോമസിലെ കെടിയു വിസിയായും നിയമിക്കാനായിരുന്നു ഗവർണറുടെ താൽപ്പര്യം. ഇതിനെ തുടർന്നാണ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയത്.
ഇതിനിടെയായിരുന്നു വിസി നിയമനത്തിനായി സുധാംശു ധൂലിയയെ സെർച്ച് കമ്മിറ്റി തലവനായി സുപ്രീം കോടതി നിയോഗിച്ചത്. സുപ്രീം കോടതിയുടെ ആവശ്യപ്രകാരം ഗവർണർ എട്ട് അംഗങ്ങളെയും സർക്കാർ പത്ത് അംഗങ്ങളെയും സെർച്ച് കമ്മിറ്റിയിലേയ്ക്ക് നിർദ്ദേശിച്ചിരുന്നു. തുടർന്ന് സർക്കാരിൻ്റെയും ഗവർണറുടെയും പട്ടികയിൽ നിന്ന് രണ്ട് പേരെ വീതം ഉൾപ്പെടുത്തിയായിരുന്നു സുധാൻശു ധൂലിയയുടെ നേതൃത്വത്തിൽ സുപ്രീം കോടതി സെർച്ച് കമ്മിറ്റിയെ നിയോഗിച്ചത്. സെർച്ച് കമ്മിറ്റി അക്ഷരമാല ക്രമത്തിൽ നൽകുന്ന ചുരുക്കപ്പട്ടികയിൽ നിന്ന് മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രിക്ക് പേരുകൾ നിർദ്ദേശിക്കാമെന്നും അത് പരിഗണിച്ച് ഗവർണർ നിയമനം നടത്തണമെന്നുമായിരുന്നു സുപ്രീം കോടതി നിർദ്ദേശം. ഈ ഉത്തരവിൽ ഭേദഗതി തേടി ഗവർണർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
സുപ്രീം കോടതി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി മുൻഗണന നിശ്ചയിച്ച് പേരുകൾ കൈമാറിയിട്ടും തീരുമാനം എടുക്കാൻ ഗവർണർ കാലതാമസം വരുത്തിയത് സുപ്രീം കോടതിയുടെ വിമർശനത്തിന് വഴിതെളിച്ചിരുന്നു. ഇതിനെ തുടർന്നാണ് സുധാൻശു കമ്മിറ്റിയോട് വി സി നിയമനത്തിനായി ഓരോ പേരുകൾ വീതം നിർദ്ദേശിക്കാനും വി സി നിയമനം സ്വന്തം നിലയിൽ നടത്തുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് കോടതി പരിഗണിക്കാനിരിക്കെയാണ് ഗവർണറും സർക്കാരും തമ്മിൽ സമവായം ഉണ്ടാക്കിയത്. സിസി തോമസിനെ ഒരു കാരണവശാലും വി സിയാക്കാൻ കഴിയില്ലെന്ന നീണ്ടകാലത്തെ എതിർപ്പിൽ നിന്ന് പിന്മാറിക്കൊണ്ടായിരുന്നു വിഷയത്തിൽ സർക്കാർ സമവായത്തിലെത്തിയത്.

കഴിഞ്ഞ ദിവസം കേരളസർവ്വകലാശാല രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെ എസ് അനിൽ കുമാറിനെ മാറ്റിയതും സർക്കാർ ഗവർണർക്ക് വഴങ്ങുന്നു എന്ന ആക്ഷേപത്തിന് വഴിതെളിച്ചിരുന്നു. അനിൽ കുമാറിൻ്റെ ആവശ്യപ്രകാരം മാതൃസ്ഥാപനത്തിലേയ്ക്ക് മടങ്ങാൻ അനിൽ കുമാറിനെ അനുവദിക്കുന്നുവെന്നായിരുന്നു സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്. നേരത്തെ രജിസ്ട്രാർ അനിൽകുമാറിനെ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശ പ്രകാരം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തിരുന്നു. 'അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ' എന്ന പേരിൽ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം പ്രദർശിപ്പിച്ചതായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇത് മറികടന്ന് ഗവർണർ ചടങ്ങിൽ പങ്കെടുത്തു. ഇതിന് പിന്നാലെ പരിപാടിക്ക് രജിസ്ട്രാർ എന്തുകൊണ്ട് അനുമതി നിഷേധിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് ഗവർണർ വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി. ഈ റിപ്പോർട്ട് പരിഗണിച്ചായിരുന്നു രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്.
ഇതിന് പിന്നാലെ സർവകലാശാലയിൽ നടന്നത് അസാധാരണ നടപടികളായിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന മിനി കാപ്പന് വിസി രജിസ്ട്രാറുടെ പകരം ചുമതല നൽകി. ഒടുവിൽ വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ എത്തുകയും അനിൽകുമാറിന് അനുകൂലമായി ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർ നടപടികൾ സ്വീകരിക്കാൻ വൈസ് ചാൻസലർ തയ്യാറായില്ല. അതേ തുടർന്ന് അനിൽകുമാർ സസ്പെൻഷനിൽ തുടരുകയായിരുന്നു.
അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ മിനി കാപ്പനെ താൽക്കാലിക രജിസ്ട്രാറായി നിയമിച്ചതും വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. സിൻഡിക്കേറ്റ് അറിയാതെ വി സി സ്വന്തം നിലയിൽ താൽക്കാലിക രജിസ്ട്രാറെ നിയമിച്ചതാണ് വിവാദമായത്. മിനി കാപ്പനെ മാറ്റണമെന്ന് സിൻഡിക്കേറ്റിൻ്റെ ആവശ്യത്തിന് ഒടുവിൽ വി സി വഴിങ്ങിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർക്കെതിരെ എസ്എഫ്ഐ സമരവുമായി രംഗത്ത് വന്നിരുന്നു.
Content Highlights: CPI(M) concerned over impression that government has surrendered to Governor on VC appointment