പ്രതിപക്ഷത്തിൻ്റെ എതിര്‍പ്പ് മറികടന്ന് തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി

പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ പ്രതിപക്ഷം സഭയിൽ ഗാന്ധി ചിത്രങ്ങൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു

പ്രതിപക്ഷത്തിൻ്റെ എതിര്‍പ്പ് മറികടന്ന് തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി
dot image

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. പുതിയ ബില്ല് ജനവിരുദ്ധമെന്ന് ആരോപിച്ച് പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെയാണ് ബിൽ ലോക്സഭ പാസ്സാക്കിയത്. ലോക്സഭ നാളത്തേക്ക് പിരിഞ്ഞു. ബിൽ പാസ്സാക്കിയതിന് പിന്നാലെ പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയിൽ ബില്ലിൻ്റെ കോപ്പി കീറിയെറിഞ്ഞു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൊളിച്ചെഴുതുന്ന പുതിയ ബില്ലാണ് ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അവതരിപ്പിച്ചത്. പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ പ്രതിപക്ഷം സഭയിൽ ഗാന്ധി ചിത്രങ്ങൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേരും ഘടനയും മാറ്റാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ എന്നാണ് പുതിയ പേര്. വിബി ജി റാം ജി എന്നാണ് പദ്ധതിയുടെ ചുരുക്കപ്പേര്. തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്ന് 125 ആക്കി ഉയര്‍ത്തിയേക്കും. പദ്ധതിയില്‍ കേന്ദ്രവിഹിതം കുറയും. 60 ശതമാനം തുക കേന്ദ്രം നല്‍കും. ബാക്കി 40 ശതമാനം സംസ്ഥാനസര്‍ക്കാരുകള്‍ നല്‍കണം. നിലവില്‍ 75 ശതമാനമാണ് കേന്ദ്രം നല്‍കുന്നത്. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചാണ് ലോക്സഭയിൽ തൊഴിലുറപ്പ് ബിൽ പാസ്സാക്കിയിരിക്കുന്നത്.

Content Highlight : Lok Sabha passes Employment Guarantee Bill, overcoming opposition

dot image
To advertise here,contact us
dot image