പോറ്റിയെ കേറ്റിയെ പാട്ട് പ്രാര്‍ത്ഥനയായി എല്ലാവരും ഏറ്റെടുത്തു, ബാധിച്ചത് കൊളളക്കാരെ മാത്രം: അഡ്വ. മുഹമ്മദ് ഷാ

പാര്‍ട്ടിയുടെ വികാരമാണ് വ്രണപ്പെട്ടതെന്നും പാര്‍ട്ടി ഒരു മതമല്ല എന്ന് മനസിലാക്കണമെന്നും മുഹമ്മദ് ഷാ പറഞ്ഞു

പോറ്റിയെ കേറ്റിയെ പാട്ട് പ്രാര്‍ത്ഥനയായി എല്ലാവരും ഏറ്റെടുത്തു, ബാധിച്ചത് കൊളളക്കാരെ മാത്രം: അഡ്വ. മുഹമ്മദ് ഷാ
dot image

മലപ്പുറം: പോറ്റിയെ കേറ്റിയെ പാരഡി പാട്ടിന്റെ വരികള്‍ മതത്തെ അപമാനിക്കുന്നതല്ലെന്ന് പാരഡിയുടെ അണിയറ പ്രവര്‍ത്തകരുടെ അഭിഭാഷകന്‍ അഡ്വ. മുഹമ്മദ് ഷാ. സിസ്റ്റത്തെ അപകടകരമായി ദുരുപയോഗം ചെയ്യുകയാണെന്നും അയ്യപ്പ സന്നിധിയില്‍ നടന്ന കൊളളയുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനയാണ് പാട്ടിലുളളതെന്നും മുഹമ്മദ് ഷാ പറഞ്ഞു. പാട്ടിനെ പ്രാര്‍ത്ഥനയായി എല്ലാവരും ഏറ്റെടുത്തെന്നും അത് അപകടകരമായി ബാധിച്ചത് കൊളളക്കാരെയാണെന്നും മുഹമ്മദ് ഷാ പറഞ്ഞു.

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് പാട്ട് അപകടമാണെന്ന് അവര്‍ക്ക് തോന്നിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന വിഷയമാണിത്. നിയമപരമായും രാഷ്ട്രീയപരമായും എതിര്‍ക്കും. നിയമ സംവിധാനത്തിന്റെ കടുത്ത ദുരുപയോഗമാണ് നടക്കുന്നത്. വിശ്വാസികള്‍ക്ക് പ്രശ്‌നമില്ലെന്ന് അവര്‍ പറയുന്നു. സമാധാനത്തോടെ നാട് നിലനില്‍ക്കണമെന്ന ബോധ്യം സര്‍ക്കാരിന് വേണം. എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയാണ് പരാതിക്ക് കാരണം. ഇവിടെ പാര്‍ട്ടിയാണ് പരാതിക്കാരന്‍. പാര്‍ട്ടിയുടെ വികാരമാണ് വ്രണപ്പെട്ടത്. പാര്‍ട്ടി ഒരു മതമല്ല എന്ന് മനസിലാക്കണം': മുഹമ്മദ് ഷാ പറഞ്ഞു.

അതേസമയം,  'പോറ്റിയേ കേറ്റിയേ' എന്ന വിവാദ പാരഡി ഗാനത്തില്‍ പ്രതികള്‍ക്കെതിരെ ഉടന്‍ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് വിവരം. കേസ് കോടതിയിലെത്തിയാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. കേസില്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കും. പ്രതികള്‍ക്ക് നോട്ടീസ് അയച്ചശേഷമായിരിക്കും തുടര്‍നടപടി. പ്രതിപ്പട്ടികയില്‍ ഇല്ലാത്ത അണിയറ പ്രവര്‍ത്തകരുടെ മൊഴിയെടുക്കാനും നീക്കമുണ്ട്. പരാതിക്കാരന്റെ മൊഴി നാളെയോ മറ്റന്നാളോ രേഖപ്പെടുത്തും.

ഗാനം അയ്യപ്പഭക്തിഗാനത്തെ അവഹേളിക്കുന്നതായി കാണിച്ച് തിരുവാഭരണപാത സംരക്ഷണ സമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാരഡി ഗാനം പ്രചരിപ്പിക്കുന്നത് അയ്യപ്പഭക്തര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പരാതിയില്‍ പറയുന്നു. പാരഡി ഗാനം പിന്‍വലിക്കുകയും പാരഡി ഗാനം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടത്.

Content Highlights: Adv Muhammed Shah against Goverment on complaints on pottiye kettiye song

dot image
To advertise here,contact us
dot image