കൊച്ചി കോർപ്പറേഷനിൽ വോട്ട് കൂട്ടി യുഡിഎഫ്, എന്‍ഡിഎയും; എല്‍ഡിഎഫിന് കുറഞ്ഞു

എൽഡിഎഫിന് വോട്ടുകൾ കുറഞ്ഞു

കൊച്ചി കോർപ്പറേഷനിൽ വോട്ട് കൂട്ടി യുഡിഎഫ്, എന്‍ഡിഎയും; എല്‍ഡിഎഫിന് കുറഞ്ഞു
dot image

കൊച്ചി: കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കുകളിൽ യുഡിഎഫിന് മേൽക്കൈ. 2020 തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കുമായി താരതമ്യം ചെയ്യുമ്പോൾ യുഡിഎഫിന് വോട്ട് വർധിച്ചു. എൽഡിഎഫിന് വോട്ടുകൾ കുറഞ്ഞു. അതേസമയം, എൻഡിഎയ്ക്ക് വോട്ടുകൾ വർധിച്ചു.

2020ൽ ലഭിച്ചത് ആകെ 91,695 വോട്ടുകളാണെങ്കിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് 1,15,294 ആയി വർധിപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞു. എൽഡിഎഫിന്റെ വോട്ടുകളിൽ കുറവുണ്ട്. 2020ൽ എൽഡിഎഫിന് 93,946 വോട്ടുകളാണ് ലഭിച്ചതെങ്കിൽ 2025ൽ അത് 90,598 ആയി കുറഞ്ഞു. ഐലൻഡ് നോർത്ത് പോലുള്ള ഡിവിഷനുകളിൽ എൽഡിഎഫ് വോട്ട് ബിജെപിയിലേക്ക് പോയി എന്നാണ് വിലയിരുത്തൽ.

വോട്ടുവർധനവിൽ കോളടിച്ചത് എൻഡിഎയാണ്. 2020ൽ 34,036 വോട്ടുകളാണ് എൻഡിഎ നേടിയതെങ്കിൽ 2025ൽ 47,344 ആയി വർധിച്ചു. 39 ശതമാനം അധികം വോട്ടുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്.

2020ലെ തെരഞ്ഞെടുപ്പിൽ വി4 കൊച്ചിയും മറ്റുള്ളവരും കൂടി 46,723 വോട്ടുകൾ നേടിയിരുന്നു. എന്നാൽ ഇത്തവണ ആ വോട്ടുവിഹിതത്തിൽ വലിയ ഇടിവ് സംഭവിച്ചു. ട്വന്റി ട്വന്റിയും മറ്റുള്ളവരും കൂടി ചേർന്ന് 19,439 വോട്ടുകളാണ് നേടിയത്. തങ്ങളുടെ വോട്ടുകളിൽ വി4 കൊച്ചി വിള്ളലുകൾ വീഴ്ത്തിയതായിരുന്നു 2020ൽ യുഡിഎഫിന് തിരിച്ചടി ഉണ്ടാകാനിടയായ കാരണം. എന്നാൽ ഇത്തവണത്തെ തെരഞ്ഞടുപ്പിൽ ആ വോട്ടുകൾ യുഡിഎഫിലേക്ക് തന്നെ തിരിച്ചെത്തി. അതോടെ യുഡിഎഫിന്റെ വോട്ടുകൾ വർധിക്കുകയും ചെയ്തു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പോളിങ് കുറഞ്ഞിട്ടും യുഡിഎഫിനാണ് നേട്ടമുണ്ടായിരിക്കുന്നത്. പോളിങ് കുറഞ്ഞാൽ നേട്ടം ഇടതുപക്ഷത്തിനാകുമെന്ന പരമ്പരാഗത ധാരണ തിരുത്തിയിരിക്കുകയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ്. വോട്ടിങ് ശൈലിക്കു വരുന്ന മാറ്റത്തിന്റെ സൂചന കൂടിയാണിത്. കടുത്ത ഭരണവിരുദ്ധവികാരം ഈ ശൈലിമാറ്റത്തിന് കാരണമായതായും കരുതുന്നു. കൂടുതൽപേർ ഇടതുപക്ഷത്തെ കൈവിട്ടുവെന്നതിന്റെ സൂചന കൂടിയാണ് യുഡിഎഫിന് ലഭിച്ച വിജയം.

തൃശ്ശൂർ കോർപറേഷനിൽ 2020-ൽ 63.79 ശതമാനം ആളുകളാണ് വോട്ടുരേഖപ്പെടുത്തിയത്. അന്ന് ഇടതുപക്ഷത്തിന് 24 സീറ്റും കോൺഗ്രസിന് 23 സീറ്റും ലഭിച്ചു. ഇത്തവണ വോട്ടിങ് ശതമാനം 62.45 ആയി കുറഞ്ഞപ്പോൾ യുഡിഎഫ് നേടിയത് 33 സീറ്റാണ്. എൽഡിഎഫ് 11 സീറ്റിൽ ഒതുങ്ങി. പോളിങ് 1.34 ശതമാനം കുറഞ്ഞപ്പോൾ യുഡിഎഫിന് 10 സീറ്റിന്റെ വർധന. എൽഡിഎഫിന് 13 സീറ്റ് നഷ്ടപ്പെട്ടു.

പോളിങ് കുറയുന്നത് കേഡർ സ്വഭാവമുള്ള പാർട്ടി എന്നനിലയിൽ ബിജെപിക്കും ഗുണമാകേണ്ടതാണ്. എന്നാൽ കോർപറേഷനിൽ രണ്ടുസീറ്റ് മാത്രമാണ് ഇവർക്ക് അധികം നേടാനായത്. ഇതിൽ ഒരുസീറ്റ് നറുക്കെടുപ്പിലൂടെയാണ് ലഭിച്ചത്. പോളിങ് കുറഞ്ഞതോടെ കോൺഗ്രസിൽ മിക്കവരും പ്രതീക്ഷ കൈവിട്ടിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് കുറയുമെന്ന് ഉറപ്പിച്ച് നിൽക്കുമ്പോഴാണ് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത്.

തിരുവനന്തപുരം കോർപറേഷനിൽ പോളിങ് 1.32 ശതമാനം കുറഞ്ഞപ്പോൾ കോൺഗ്രസ് 9 സീറ്റുകൾ കൂടുതൽനേടാൻ കഴിഞ്ഞു. 2020-ൽ 59.56 ശതമാനം പോളിങ് ഉള്ളപ്പോൾ 10 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനുണ്ടായിരുന്നത്. ഈ തിരഞ്ഞെടുപ്പിൽ 58.24 ശതമാനമായി പോളിങ് കുറഞ്ഞപ്പോൾ എൽഡിഎഫിന്റെ സീറ്റ് 52-ൽ നിന്ന് 29-ലേക്ക് ചുരുങ്ങി.

കോഴിക്കോട് കോർപറേഷനിലെ പോളിങ് ശതമാനം 0.85 ശതമാനം കുറഞ്ഞിട്ടും എൽഡിഎഫിന് 16 സീറ്റുകൾ നഷ്ടമായി. യുഡിഎഫ് എട്ടുസീറ്റുകൾ കൂടുതൽ നേടുകയും ചെയ്തു. യുഡിഎഫ് 26 സീറ്റും എൽഡിഎഫ് 34 സീറ്റുമാണ് നേടിയത്.

Content Highlights: NDA and UDF increased vote share at Kochi Corporation

dot image
To advertise here,contact us
dot image