

ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച ആറ് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. സത്‌ന ജില്ലാ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. തലാസീമിയ എന്ന ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
എട്ടും പതിനാലും വയസ്സിന് ഇടയിലുള്ള കുട്ടികൾക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. തലാസീമിയ ബാധിച്ചവർക്ക് ഇടയ്ക്കിടെ രക്തം നൽകേണ്ടതുണ്ട്. ഇങ്ങനെ രക്തം സ്വീകരിച്ച കുട്ടികളിലാണ് രോഗബാധ ഉണ്ടായത്. നാല് മാസം മുൻപാണ് കുട്ടികൾ ഈ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചത് എന്നാണ് വിവരം. എന്നാൽ ഹോസ്പിറ്റലിനെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ രംഗത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇവർക്ക് പുറമെ ഒരു മൂന്ന് വയസുകാരിക്കും എച്ച്ഐവി സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളും പോസിറ്റീവ് ആണ്. ഇവരിൽ നിന്നാകാം കുട്ടിയും പോസിറ്റീവ് ആയത് എന്നാണ് നിഗമനം.
രോഗബാധയുടെ കാര്യം നേരത്തെ അറിഞ്ഞിരുന്നുവെന്ന് ഒരു മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ സ്ഥിരീകരിക്കുന്നുണ്ട്. നാല് മാസം മുൻപ് പരിശോധന നടത്തിയപ്പോൾ എല്ലാ കുട്ടികളും നെഗറ്റീവ് ആയിരുന്നു. എന്നാൽ വീണ്ടും നടത്തിയ പരിശോധനകളിലാണ് കുട്ടികൾ പോസിറ്റീവ് ആയത്. ആരുടെ പക്കൽ നിന്നാണ് കുട്ടികൾ രക്തം സ്വീകരിച്ചത് എന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മധ്യപ്രദേശ് ആരോഗ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ല ഉത്തരവിട്ടു. ഇതിനായി പ്രത്യേക സമിതിയെയും നിയോഗിച്ചു.
രക്തം നൽകിയവർക്ക് പുറമെ ടെസ്റ്റിങ് കിറ്റുകളിലെ പിഴവിനെപ്പറ്റിയും അന്വേഷണം നടത്തുമെന്ന് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഇൻ ചാർജ് ആയ ദേവേന്ദ്ര പട്ടേൽ അറിയിച്ചു. ' കുട്ടികൾ 70 മുതൽ 100 തവണ വരെ രക്തം സ്വീകരിച്ചവരാണ്. അത്തരം സാഹചര്യങ്ങളിൽ, എച്ച്ഐവി പകരാനുള്ള സാധ്യതകൾ കൂടുതലാണ്. പലയാളുകളിൽ നിന്നാണ് രക്തം സ്വീകരിക്കുന്നത്. ടെസ്റ്റിങ് കിറ്റിലൂടെ നേരത്തെ അസുഖം കണ്ടെത്താൻ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്നതും പരിശോധിക്കും'; ദേവേന്ദ്ര പട്ടേൽ പറഞ്ഞു.
സംഭവം നടന്ന് നാല് മാസമായിട്ടും ഇതുവരെ രക്തം നൽകിയവരിൽ 50% ആളുകളെ മാത്രമാണ് കണ്ടെത്താനായത്. പലരും വ്യാജ മൊബൈൽ നമ്പറും വിലാസവും നൽകിയാണ് രക്തദാനം നടത്തിയത് എന്നതാണ് പ്രതിസന്ധിയാകുന്നത്.
Content Highlights: Six children infected with HIV afer blood transmission at madhyapradesh