

പാലക്കാട്: പാലക്കാട് ഡിപ്പോക്ക് മൂന്ന് ബസ്സുകൾ അനുവദിച്ച് കെഎസ്ആർടിസി. അത്യാധുനിക സൗകര്യമുള്ള എസി സൂപ്പർഫാസ്റ്റ് ബസ്സുകളാണ് അനുവദിച്ചത്. രണ്ടു ബസ്സുകൾ എറണാകുളത്തേക്കും ഒരെണ്ണം കോഴിക്കോടേക്കുമാണ് സർവ്വീസ് നടത്തുക. ബസ് പാലക്കാട് നിന്ന് പുറപ്പെട്ടാൽ അങ്കമാലിയിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേ നിർത്തുകയുള്ളു.
പാലക്കാട് നിന്ന് എറണാകുളത്തേക്ക് പോകുന്ന രണ്ടു ബസ്സുകളും ബെെപ്പാസ് റെെഡുകളാണ് സർവ്വീസ് നടത്തുക. സ്റ്റോപ്പുകളുടെ എണ്ണം കുറയുന്നതിനാൽ ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് എത്തുമെന്നും ഇതുവഴി യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
പാലക്കാട് സ്റ്റാന്റിൽ നിന്നും രാവിലെ 6:15, രാവിലെ 7:30 എന്നീ സമയങ്ങളിലാണ് ബസ്സ് പുറപ്പെടുക. രാവിലെ പത്ത് മണിക്ക് മുൻപ് എറണാകുളത്ത് എത്തുന്നതിനാൽ ജോലിക്കാർക്ക് എറെ ഉപകാരപ്രദമാകും. രാവിലെ 6:30 തന്നെയാണ് പാലക്കാട് നിന്നും കോഴിക്കോട്ടേക്കും ബസ് സർവ്വീസ് നടത്തുക. 39 സീറ്റുകളാണ് ബസ്സിനുള്ളത്. കെഎസ്ആർടിസി ആപ്പിലൂടെയും വെബ്സെെറ്റിലൂടെയും എന്റെ കെഎസ്ആർടിസി ആപ്പ് വഴിയും ബസ്സ് മുൻകൂട്ടി ബുക്ക് ചെയ്യാം. മൂന്ന് ബസ്സുകളുടെയും ഉദ്ഘാടനം ഒരാഴ്ച്ക്കകം നടക്കും.
എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് പോയിന്റുകൾ ∙ പുഷ്ബാക്ക് കുഷൻ സീറ്റ്, ഫൂട്ട് റെസ്റ്റ് ∙ എല്ലാ സീറ്റിനു മുകളിലും എസി വെന്റും റീഡിങ് ലൈറ്റും ∙ ടിവി, മ്യൂസിക് സിസ്റ്റം.യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരീക്ഷണ ക്യാമറകൾ ∙ ഫ്രീ വൈഫൈ എന്നീ സൗകര്യങ്ങൾ ബസ്സിനുള്ളിൽ ഒരുക്കിയിട്ടുണ്ട് .
Content Highlight : KSRTC allows AC superfast buses with state-of-the-art facilities