

ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള 2026 മിനി താരലേലം അബുദാബിയില്‍ പൂര്‍ത്തിയാപ്പോള്‍ മലയാളി താരങ്ങൾക്ക് നിരാശ. ലേലത്തിൽ 13 മലയാളി താരങ്ങള്‍ പങ്കെടുത്തെങ്കിലും സ്പിന്നർ വിഘ്നേഷ് പുത്തൂരിനെ മാത്രമാണ് ടീമുകൾ പരിഗണിച്ചത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറ്റം കുറിച്ച ചൈനാമാൻ സ്പിന്നർ വിഘ്നേഷ് ഇത്തവണ രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്. അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷിനെ റോയൽസ് തട്ടകത്തിലെത്തിച്ചത്.
മറ്റൊരു മലയാളി താരത്തിനും ഐപിഎൽ കരാർ ലഭിച്ചില്ല. കേരളത്തിന് വേണ്ടി സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവച്ച സല്‍മാന്‍ നിസാര്‍, ഏദന്‍ ആപ്പിള്‍ ടോം, കെഎം ആസിഫ്, ജിക്കു എസ് ബ്രൈറ്റ് എന്നിവരുടെ പേരുകള്‍ ലേലത്തില്‍ ഉയര്‍ന്നെങ്കിലും വിറ്റു പോയില്ല. സൽമാൻ്റെ അടിസ്ഥാന വില 30 ലക്ഷം രൂപയും ആസിഫിൻ്റെ അടിസ്ഥാന വില 40 ലക്ഷം രൂപയുമായിരുന്നു.
രോഹൻ കുന്നുമ്മൽ, ഷറഫുദ്ദീൻ, ശ്രീഹരി എസ് നായർ, അഖിൽ സ്കറിയ, അബ്ദുൽ ബാസിത്ത്, അഹമദ് ഇമ്രാൻ എന്നിവരൊന്നും ലേലത്തിൽ വന്നില്ല. ആക്സിലറേറ്റഡ് റൗണ്ടുകളിൽ പോലും ഇവരുടെയൊന്നും പേര് വിളിച്ചില്ല. ഇതോടെ വരുന്ന സീസണിലെ മലയാളി സാന്നിധ്യം മൂന്നുപേരാണ്. സഞ്ജു സാംസൺ (ചെന്നൈ സൂപ്പർ കിംഗ്സ്), വിഷ്ണു വിനോദ് (പഞ്ചാബ് കിംഗ്സ്), വിഗ്നേഷ് പുത്തൂർ (രാജസ്ഥാൻ റോയൽസ്) എന്നിവരാണ് ഐപിഎൽ 2026 സീസണിലെ മലയാളി സാന്നിധ്യം.
Content Highlights: Only Vignesh Puthur Sold out of 13 Kerala Players in IPL Mini Auction 2026