

പാലക്കാട്: വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം. ബോട്ടിലിൽ പെട്രോൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നായിരുന്നു സംഭവം. ബോട്ടിലിൽ വാങ്ങിയ പെട്രോൾ നിലത്തൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വാണിയംകുളം ടൗണിലെ കെ എം പെട്രോൾ പമ്പിൽ കഴിഞ്ഞദിവസം രാത്രിയാണ് അതിക്രമം നടന്നത്.
ഓട്ടോറിക്ഷയിൽ പെട്രോൾ വാങ്ങാൻ എത്തിയ മൂന്നംഗസംഘമാണ് ജീവനക്കാരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് പമ്പിന് തീവെയ്ക്കാൻ ശ്രമിച്ചത്. പമ്പ് മാനേജർ ഷൊർണൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. ഓട്ടോയിൽ എത്തിയവർ ബോട്ടിലിൽ നിർബന്ധിച്ച് പെട്രോൾ അടിപ്പിച്ചുവെന്നും ജീവനക്കാരെ അസഭ്യം പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു. സ്റ്റാഫിനെ പ്രകോപിപ്പിക്കുകയും പെട്രോൾ പമ്പ് കത്തിക്കുമെന്ന് അക്രോശിച്ചുകൊണ്ട് പെട്രോൾ ഡ്രൈവേയിൽ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചുവെന്നും പാരാതിക്കാരൻ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights : petrol pump attacking at palakkad vaniyamkulam