

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരിയെന്ന് തുറന്നടിച്ച സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ കെ സി രാജഗോപാലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഐഎം മുൻ ജില്ലാ കമ്മിറ്റി അംഗം കെ പ്രകാശ് ബാബു. സംഘടനയ്ക്കകത്ത് കാലുവാരൽ പുതിയ കാര്യമല്ലെന്നും പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ജില്ലയിലെ അതികായനായിരുന്ന പഴയകാലം മറന്നുപോകരുതെന്നും പ്രകാശ് ബാബു പറഞ്ഞു.
പാർട്ടിയിലെ ഗ്രൂപ്പ് ആധിപത്യകാലത്ത് വി എസ് പക്ഷത്തുനിന്ന് നിരവധി പേരെ അങ്ങ് ശിരച്ഛേദം നടത്തി. അനർഹർക്ക് താൽക്കാലിക ലാഭത്തിനുവേണ്ടി അവസരങ്ങൾ നൽകിയതിന്റെ ഫലമാണ് കെ സി രാജഗോപാലൻ ഇപ്പോൾ അനുഭവിക്കുന്നതെന്നും കെ പ്രകാശ് ബാബു പറഞ്ഞു. താൻ 75 വയസ്സ് ആകാൻ കാത്തുനിൽക്കാതെ 60കളിൽ റിട്ടയർ ചെയ്തു. റിട്ടയർമെൻറ് കഴിഞ്ഞാൽ പാർട്ടി നിശ്ചയിച്ച് തരുന്നത് അമൃത് പോലെ സ്വീകരിക്കുക. കിട്ടിയില്ലെങ്കിൽ വേണ്ടെന്നു വെയ്ക്കുക. റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥൻ നിർദ്ദേശം കൊടുത്താൽ ആരും കേൾക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കുറവുകൾ പാർട്ടി പരിഹരിക്കട്ടെ. അതവർക്ക് വിട്ടുകൊടുക്കൂ. മലർന്നു കിടന്ന് തുപ്പാതിരിക്കുകയെന്നും ശത്രുക്കളുടെ ആയുധമാകാതിരിക്കുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ തെരഞ്ഞെടുപ്പിൽ കാലുവാരിയെന്ന ആരോപണവുമായി മുൻ എംഎൽഎ കെ സി രാജഗോപാൽ രംഗത്തെത്തിയിരുന്നു. അങ്ങനെ കാലുവാരിയത് കൊണ്ടാണ് തന്റെ ഭൂരിപക്ഷം 28ൽ ഒതുങ്ങിയത് എന്നും കോൺഗ്രസുകാരുടെ സഹായം കൊണ്ടാണ് 28 വോട്ടിന് കയറിക്കൂടിയത് എന്നും രാജഗോപാൽ തുറന്നടിച്ചു. സ്റ്റാലിൻ ഏരിയ സെക്രട്ടറിയാകാൻ യോഗ്യതയില്ലാത്തയാളാണെന്നും വിവരമില്ലാത്തയാളെന്നും രാജഗോപാൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മെഴുവേലി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു രാജഗോപാല്‍. നേതൃത്വത്തിന്റെ പിടിപ്പുകേടിൽ എല്ലാ ഏരിയ കമ്മിറ്റിക്ക് കീഴിലെ എല്ലാ പഞ്ചായത്തുകളും നഷ്ടമായി. ഇതിന് പുറമെ തന്നെ പാർട്ടി വേണ്ട വിധം ഉപയോഗിച്ചില്ലെന്നും താൻ ജയിക്കരുത് എന്ന ടി വി സ്റ്റാലിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു എന്നും രാജഗോപാൽ ആരോപിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
മുൻ MLA കെ സി രാജഗോപാലൻ്റെ പരസ്യപസ്താവന കണ്ടു. പത്രക്കാരെ വിളിച്ചു പറയേണ്ടിരുന്നോ എന്നൊരു സംശയം. ഏതൊരു സംഘടനക്കകത്തും, പുറത്തും കാലുവാരലും, ചതിയും , കുതികാൽ വെട്ടും,വഞ്ചനയും, അത്ര പുതിയ കാര്യമൊന്നുമല്ല. പാർട്ടിയിൽ ചോദ്യം ചെയ്യാനാവാത്ത നേതാവായി ജില്ലയിലെ അതികായനായിരുന്ന അങ്ങയുടെ അശ്വമേധകാലം മറന്നുപോകരുത്. പാർട്ടിയിലെ ഗ്രൂപ്പാധിപത്യകാലത്ത് വിഎസ് അച്ചുതാനന്ദൻ്റെ സമ്പൂർണ്ണ ആ ശിർവാദത്തോടെ വിരാജിച്ച അങ്ങയുടെ കൈകൾ കൊണ്ട് രാഷ്ട്രീയ ശിരച്ഛേദം നടത്തിയ അനേകരിൽ ഒരാൾ ഞാനും കൂടെയാണ്.
അനർഹർക്ക് താൽക്കാലിക ലാഭത്തിനു വേണ്ടി അവസരങ്ങൾ നൽകിയതിൻ്റെ അനന്തരഫലം കൂടിയാണ് താങ്കൾ നേരിടുന്നത്. എൻ്റെ പോരാട്ടവീര്യത്തിനു കുറവു വന്നതുകൊണ്ടല്ല രാജ്യത്താകെ പ്രസ്ഥാനം വെല്ലുവിളി നേരിടുമ്പോൾ ഇത്തരം ഉൾപോരാട്ടങ്ങൾക്ക് പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാൻ 75 വയസ്സാകാൻ കാത്തുനിൽക്കാതെ 60 ലെ സ്വയം റിട്ടയർ ചെയ്തതും. താങ്കളും, മറ്റുള്ളവരും , ഞാനും നടത്തിയ പോരാട്ടങ്ങൾ വ്യക്തിപരമായിരുന്നില്ല.
റിട്ടയർമെൻ്റു കഴിഞ്ഞ നമുക്ക് പാർട്ടി നിശ്ചയിച്ചു തരുന്നത് എന്താണോ അത് അമൃത് പോലെ സ്വീകരിക്കുക. കിട്ടിയില്ലെങ്കിൽ വേണ്ടെന്നുവെക്കുക. നമുക്ക് പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന സഹായം ചെയ്യുക അതാണ് വേണ്ടത്. റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥൻ തൻ്റെ പഴയ കസേരയിൽ പോയിരുന്ന് നിർദേശം കൊടുത്താൽ ആരും കേൾക്കില്ല. റിട്ടയർ ചെയ്ത മറ്റു പലരുടെയും അവസ്ഥ നാം കണ്ടുകൊണ്ടിരിക്കുകയാണ്. പാർട്ടിയുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കുറവുകൾ പാർട്ടി പരിഹരിക്കട്ടെ. അതവർക്ക് വിട്ടുകൊടുക്കു. മലർന്നു കിടന്ന് തുപ്പാതിരിക്കുക. ശത്രുക്കളുടെ ആയുധമാകാതിരിക്കുക.
Content Highlight : 'Infiltration within the organization is not a new thing'; K Prakash Babu against K C Rajagopal