

ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വലിയ വിജയം സമ്മാനിച്ച ജനങ്ങൾക്ക് സല്യൂട്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് കൃത്യമായതും ആത്മവിശ്വാസം വർധിപ്പിക്കുന്നതുമായ ജനവിധിയാണെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ വിജയം യുഡിഎഫ് നേടുമെന്നതിന്റെ സൂചനയാണെന്നും യുഡിഎഫിലുള്ള ആത്മവിശ്വാസം വളരുന്നതിന്റെ അടയാളമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുന്നുണ്ട്.
സന്ദേശം വ്യക്തമാണ് - കേരളത്തിന് വേണ്ടത് അവരെ കേൾക്കുന്ന, പ്രതികരിക്കുന്ന, കൃത്യമായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമുള്ള ഭരണമാണ്. ഞങ്ങളുടെ ഉത്തരവാദിത്തം വ്യത്യചലനം ഇല്ലാത്തതാണ്. സാധാരണക്കാർക്കൊപ്പം നിൽക്കുന്ന, എല്ലാവരുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന, സുതാര്യവും ജനങ്ങൾക്ക് പ്രാധാന്യം നൽകിയുമുള്ള ഭരണമാണ് തങ്ങളുടേതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികൾക്കും ആശംസകളറിയിച്ച രാഹുല്‍ ഈ വിജയം സാധ്യമാക്കിയ എല്ലാ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും അവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും അകമഴിഞ്ഞ അഭിനന്ദനങ്ങളും അറിയിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്. ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും തിരുത്തലുകൾ നടത്തി തിരിച്ചടികളെ അതിജീവിച്ച ചരിത്രം എൽഡിഎഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി പരിശോധിക്കുമ്പോൾ പകുതി ജില്ലാ പഞ്ചായത്തിലും എൽഡിഎഫിന് ജയിക്കാനായി എന്നത് വലിയ കാര്യമാണ്. എൽഡിഎഫിൻ്റെ അടിത്തറയിൽ യാതൊരു ഇളക്കവും ഉണ്ടായിട്ടില്ല. വർഗീയശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയും യുഡിഎഫും വോട്ട് കൈമാറി. തിരുവനന്തപുരം കോർപ്പറേഷൻ നേടാൻ കഴിഞ്ഞു എന്നതിനപ്പുറം ബിജെപിക്ക് തെരഞ്ഞെടുപ്പിൽ മറ്റ് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: Rahul Gandhi says Kerala's Mandate is decisive and heartening