

ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ ആഘോഷിക്കാൻ കാത്തിരുന്ന കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പക്ഷെ കണ്ടത് ദുരന്ത കാഴ്ച. അർജന്റീന സൂപ്പർ താരത്തെ ഒരുനോക്ക് കാണാൻ ഇരച്ചെത്തിയവർക്ക് നിരാശയായിരുന്നു ഫലം.
25000 രൂപ വരെ മുടക്കി രാവിലെ മുതൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തോളം ആരാധകർ തടിച്ചു കൂടിയപ്പോൾ മെസി ഗ്രൗണ്ടിൽ ചിലവഴിച്ചത് പതിനഞ്ചു മിനിറ്റിൽ താഴെ മാത്രം. നേരത്തെ രണ്ട് മണിക്കൂറോളം മെസി ഗ്രൗണ്ടിൽ ചിലവഴിക്കുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്.
വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും മെസിയെ പൊതിഞ്ഞുനില്‍ക്കുകകൂടി ചെയ്തതോടെ ആരാധകര്‍ക്ക് കാണാന്‍ സാധ്യമായില്ല. ഇതില്‍ രോഷാകുലരായ കാണികള്‍ സ്‌റ്റേഡിയത്തിലേക്ക് കുപ്പി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എറിയുകയും കസേരകളും ബാനറുകളും തല്ലിത്തകര്‍ക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ ആരാധകരോട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി മാപ്പ് പറഞ്ഞു. പരിപാടി സംഘടിപ്പിച്ചവരും കെടുകാര്യസ്ഥതയാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായും മമത പറഞ്ഞു. പരിപാടിയുടെ മുഖ്യ സംഘാടകനായ ശതാദ്രു ദത്ത അറസ്റ്റിലായി. കൊൽക്കത്ത പൊലീസാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. പരിപാടിയുടെ ടിക്കറ്റ് തുക തിരികെ നൽകുമെന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് ദിവസത്തെ സന്ദർശത്തിനായി ഇന്ത്യയിലെത്തിയ മെസിക്ക്, ഇനി ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലാണ് പരിപാടികൾ, ശനിയാഴ്ച വൈകിട്ടാണ് ഹൈദരാബാദിലെ പരിപാടി. കൊൽക്കത്ത നഗരത്തിലെ പരിപാടികൾ അലങ്കോലമായതോടെ ബാക്കി ഇനിയെന്താകുമെന്ന് കണ്ടറിയണം.
Content highlights: what happened, Lionel Messi GOAT Tour of India issue