തിരുവനന്തപുരം നഗരത്തിൽ 'താമര വിരിഞ്ഞു'; പ്രായം കുറഞ്ഞ മേയറും ഭരണ നേട്ടവും ഏറ്റില്ല, തകർന്നടിഞ്ഞ് LDF

കോർപ്പറേഷന്റെ ഭരണത്തിനെതിരെയും അഴിമതി ആരോപണങ്ങളെയും മുൻനിർത്തി ബിജെപി നടത്തിയ സർജിക്കൽ സ്ര്‌ടൈക്ക് ഫലം കണ്ടുവെന്നുവേണം കരുതാൻ

തിരുവനന്തപുരം നഗരത്തിൽ 'താമര വിരിഞ്ഞു'; പ്രായം കുറഞ്ഞ മേയറും ഭരണ നേട്ടവും ഏറ്റില്ല, തകർന്നടിഞ്ഞ് LDF
dot image

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപിയുടെ മുന്നേറ്റം. 50 സീറ്റ് നേടിയ എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ മാത്രം കുറവാണുള്ളത്. കഴിഞ്ഞ തവണ 34 ഉണ്ടായിരുന്ന സീറ്റ് നിലയിൽ നിന്നാണ് ബിജെപിയുടെ കുതിച്ചുചാട്ടം.

101 ഡിവിഷനുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ ഇത്തവണ 100 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വിഴിഞ്ഞത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് ഒരു വാർഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചത്. വിജയിച്ച സ്വതന്ത്രന്മാരുടെ നീക്കം തിരുവനന്തപുരത്ത് നിർണായകമാകും. കണ്ണമൂലയിൽ പ്രസ് ക്ലബ് മുൻ പ്രസിഡന്റായിരുന്ന പാറ്റൂർ രാധാകൃഷ്ണനും പൗണ്ടുകടവ് വാർഡിൽ യുഡിഎഫ് വിമതനായ സുധീഷ് കുമാറുമാണ് ജയിച്ച സ്വതന്ത്രർ. തെരഞ്ഞെടുപ്പ് മാറ്റിവെച്ച വിഴിഞ്ഞവും മുന്നണികൾക്ക് സുപ്രധാനമാണ്.

ഏത് പ്രതിസന്ധിയിലും എൽഡിഎഫിനൊപ്പം ഉറച്ചുനിന്നിരുന്ന കോർപ്പറേഷൻ ഇത്തവണ എൻഡിഎക്കൊപ്പം നിൽക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. എൽഡിഎഫ് സീറ്റ് നില 51ൽ നിന്ന് 29ലേക്കാണ് ഇടിഞ്ഞത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായ എൻഡിഎ ഇത്തവണ ഒന്നാം നിരയിലേക്ക് എത്തി. നില മെച്ചപ്പെടുത്താൽ കോൺഗ്രസിനും കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ തവണ 10 സീറ്റുകളിലൊതുങ്ങിയ യുഡിഎഫ് ഇത്തവണ 9 സീറ്റ് അധികം നേടി 19 ലേക്കെത്തി.

ഏകദേശം അരനൂറ്റാണ്ടോളം തുടർച്ചയായി കോർപ്പറേഷൻ ഭരണം കയ്യാളിയ എൽഡിഎഫിന് കനത്ത തിരിച്ചടിയാകുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. പ്രായം കുറഞ്ഞ മേയർ ആര്യാ രാജേന്ദ്രന്റെ ഭരണ മികവ് എടുത്തുകാട്ടിയ ഇടതുമുന്നണിയെ തെരഞ്ഞെടുപ്പ് ഫലം ഇരുട്ടിൽ നിർത്തുകയായിരുന്നു. കോർപ്പറേഷന്റെ ഭരണത്തിനെതിരെയും അഴിമതി ആരോപണങ്ങളെയും മുൻനിർത്തി ബിജെപി നടത്തിയ സർജിക്കൽ സ്ര്‌ടൈക്ക് ഫലം കണ്ടുവെന്നുവേണം കരുതാൻ.

അതേസമയം ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന നിഗമനത്തിലാണ് ബിജെപി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം ബിജെപി ഈ വിഷയം ഉയർത്തിപ്പിടിക്കുകയും ചെയ്തിരുന്നു. പാർട്ടിക്കുള്ളിലെ വിഭാഗീയതയും പ്രശ്‌നങ്ങളും തിരിച്ചടിയാകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫലത്തെ ഇതൊന്നും ബാധിച്ചില്ല. ബിജെപി കൗൺസില‍ർ തിരുമല അനിലിന്റെ ആത്മഹത്യയും ആർഎസ്എസ് പ്രവർത്തകനായിരുന്ന ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയും ബിജെപിക്ക് തിരിച്ചടിയാകുമെന്ന് കരുതിയിരുന്നെങ്കിലും ഇതൊന്നും ഫലത്തിൽ പ്രതിഫലിച്ചില്ല.

ശാസ്തമംഗലത്ത് ബിജെപിയുടെ ആർ ശ്രീലേഖ വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. മുൻ ഡിജിപിയായ ആർ ശ്രീലേഖ തിരുവനന്തപുരം മേയർ പദവിയിലേക്ക് വരെ പരിഗണിക്കുന്ന സ്ഥാനാർത്ഥിയാണ്. എൽഡിഎഫിന്‍റെ യുവ സ്ഥാനാർത്ഥിയായ ആർ അമൃതയെ പരാജയപ്പെടുത്തിയാണ് ശ്രീലേഖയുടെ മുന്നേറ്റം. മേയർ സ്ഥാനാർത്ഥിയായി പരിഗണനയിലുള്ള വി വി രാജേഷും കൊടുങ്ങാനൂർ വാർഡിൽനിന്ന് ജയിച്ചു. മുൻ ജില്ലാ പ്രസിഡന്റും നിലവിലെ കൗൺസിലറുമാണ് രാജേഷ്. യുഡിഎഫിന്റെ കെ ശബരീനാഥനും വിജയം നേടി. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയിൽ അഡ്വ അംശു വാമദേവനെ പരാജയപ്പെടുത്തി യുഡിഎഫിന്റെ വൈഷ്ണ സുരേഷ് വിജയിച്ചു.

ഏതു വിധേനയും കേരളം പിടിക്കണമെന്ന് ആഗ്രഹിക്കുന്ന ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് തിരുവനന്തപുരത്തെ വിജയം നൽകുന്നത് വൻ പ്രതീക്ഷയാണ്. ഈ വിജയം ചവിട്ടുപടിയായി എടുത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് എൻഡിഎ ലക്ഷ്യമിടുന്നത്. ഈ വിജയം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും രാഷ്ട്രീയമായി ഏറെ പ്രാധാന്യം നൽകുന്നതാണ്.

Content Highlights: Thiruvananthapuram corporation BJP result

dot image
To advertise here,contact us
dot image