

കൊൽക്കത്ത: സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ ലയണല്‍ മെസിയുടെ സന്ദർശനത്തിന് പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അർജന്റീന സൂപ്പർ താരം ലയണൽ മെസിയോടും ആരാധകരോടും മാപ്പുചോദിക്കുന്നതായും മമത പറഞ്ഞു.
'സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ കണ്ട മാനേജ്‌മെന്റ് വീഴ്ചയില്‍ അങ്ങേയറ്റത്തെ വേദനയും ദുഃഖവുമുണ്ട്. ലയണല്‍ മെസ്സിയോടും എല്ലാ കായികപ്രേമികളോടും ആരാധകരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു' - മമത പ്രതികരിച്ചു. മുന്‍ ജഡ്ജി അസിം കുമാര്‍ റേയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മമത അറിയിച്ചു. ചീഫ് സെക്രട്ടറി, ഹോം ആന്‍ഡ് ഹില്‍ അഫയേഴ്‌സ് വിഭാഗത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കുമെന്നും മമത കൂട്ടിച്ചേർത്തു.
അതേ സമയം പരിപാടിയുടെ മുഖ്യ സംഘാടകനയാ ശതാദ്രു ദത്ത അറസ്റ്റിലായി. കൊൽക്കത്ത പൊലീസാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. പരിപാടി സംഘടിപ്പിക്കുന്നതിലെ വീഴ്ച ഞെട്ടിപ്പിക്കുന്നതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ പ്രഖ്യാപിക്കുന്നുവെന്നും ബംഗാൾ മുഖ്യമത്രി മമത ബാനർജി പറഞ്ഞു.
ഗോട്ട് ഇന്ത്യ ടൂർ 2025’ന്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മെസി കൊൽക്കത്തയിലെത്തിയത്. ഇന്റർ മയാമിയിൽ മെസിയുടെ സഹതാരങ്ങളായ യുറഗ്വായ് താരം ലൂയി സുവാരസ്, അർജന്റീന താരം റോഡ്രിഗോ ഡി പോൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ 11.15നാണ് മെസി എത്തിയത്.
മെസിയെ കാണാനായി രാവിലെ മുതല്‍ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ആളുകള്‍ തിങ്ങിക്കൂടിയിരുന്നു. 5000 മുതൽ 25000 രൂപയായിരുന്നു ടിക്കറ്റുകൾക്ക്. എന്നാല്‍ മെസി ഗ്രൗണ്ടില്‍ വളരെ കുറഞ്ഞ സമയം മാത്രമാണ് ചെലവഴിച്ചത്.
വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും മെസ്സിയെ പൊതിഞ്ഞുനില്‍ക്കുകകൂടി ചെയ്തതോടെ ആരാധകര്‍ക്ക് കാണാന്‍ സാധ്യമായില്ല. ഇതില്‍ രോഷാകുലരായ കാണികള്‍ സ്‌റ്റേഡിയത്തിലേക്ക് കുപ്പി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എറിയുകയും കസേരകളും ബാനറുകളും തല്ലിത്തകര്‍ക്കുകയുമായിരുന്നു.
മൂന്നു ദിവസത്തെ സന്ദർശത്തിനായി ഇന്ത്യയിലെത്തിയ മെസ്സിക്ക്, ഇനി ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലാണ് പരിപാടികൾ, ശനിയാഴ്ച വൈകിട്ടാണ് ഹൈദരാബാദിലെ പരിപാടി. കൊൽക്കത്ത നഗരത്തിലെ പരിപാടികൾ അലങ്കോലമായതോടെ ബാക്കി ഇനിയെന്താകുമെന്ന് കണ്ടറിയണം.
Content highlights :Mamata Banerjee's Public Apology To Messi, Fans After Kolkata Event