

തിരുവനന്തപുരം: കോർപ്പറേഷനിലെ വിജയത്തിൽ ബിജെപിക്ക് അഭിനന്ദനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ബിജെപിയുടെ ചരിത്രപരമായ പ്രകടനത്തിൽ അഭിനന്ദനങ്ങളെന്നും തലസ്ഥാനത്തെ ഈ വിജയം നിർണായകമായ ഒരു രാഷ്ട്രീയ മാറ്റമെന്നുമാണ് ശശി തരൂർ പറഞ്ഞത്. എൽഡിഎഫിന്റെ ദുർഭരണത്തിനെതിരായി താൻ നിരന്തരം പ്രചാരണം നടത്തിയെന്നും പക്ഷെ മറ്റൊരു രാഷ്ട്രീയ പാർട്ടിയെയാണ് ജനങ്ങൾ തെരഞ്ഞെടുത്തതെന്നും തരൂർ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രകടനത്തെയും തരൂർ അഭിനന്ദിച്ചു. പാർട്ടിക്ക് അഭിനന്ദനങ്ങളെന്നും നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരു വലിയ സിഗ്നൽ ആണ് ഈ ഫലം എന്നും തരൂർ വ്യക്തമാക്കി. കഠിനാധ്വാനം, കൃത്യമായ പ്രചാരണം, ഭരണവിരുദ്ധ വികാരം എന്നിവ പ്രതിഫലിച്ചു എന്നും 2020നേക്കാൾ മെച്ചപ്പെട്ട ഫലമാണ് ഉണ്ടായത്. കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി പ്രയത്നിക്കുമെന്നും മികച്ച ഭരണത്തിനായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് 50 സീറ്റുകളാണ് ലഭിച്ചത്. 29 സീറ്റുകളുമായി എൽഡിഎഫ് രണ്ടാമതായി. 19 സീറ്റുകളുമായി യുഡിഎഫ് നില മെച്ചപ്പെടുത്തി. അതേസമയം, തോൽവിക്ക് പിന്നാലെ സിപിഐഎമ്മില്‍ പൊട്ടിത്തെറികളും ഉണ്ടാകുന്നുണ്ട്. മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി വനിതാ നേതാവ് ഗായത്രി ബാബു രംഗത്തെത്തി. 'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയം, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം' എന്നിങ്ങനേയുള്ള വിമർശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയർത്തുന്നത്.
ആര്യയുടെ പേര് പറയാതെ പരോക്ഷമായിട്ടാണ് ഫേസ്ബുക്കിലൂടെ ഗായത്രിയുടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. വിവാദമായതോടെ കുറിപ്പ് അവർ പിന്‍വലിച്ചിട്ടുണ്ട്. 2020 ലെ തെരഞ്ഞെടുപ്പില്‍ വഞ്ചിയൂർ വാർഡിൽ നിന്നുള്ള കൗൺസിലറായിരുന്ന ഗായത്രി ബാബു പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബുവിന്‍റെ മകളാണ്. അന്ന് അവസാന നിമിഷം വരെ ഗായത്രി ബാബു ആയിരിക്കും മേയർ ആകുകയെന്ന രീതിയിലുള്ള പ്രചരണവും ഉണ്ടായിരുന്നു. അതേസമയം ഇത്തവണ വഞ്ചിയൂർ വാർഡില്‍ മത്സരിച്ച ബാബു വിജയിച്ചിട്ടുണ്ട്.
Content Highlights: shashi tharoor congratulates bjp for winning at thiruvananthapuram