

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് വിജയം. വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ മുന്നിലായിരുന്ന എല്‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ത്ഥി 26 കാരിയായ ആര്‍ അമൃതയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ശ്രീലേഖയുടെ വിജയം. സരള റാണിയായിരുന്നു യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. ആര്‍ ശ്രീലേഖയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടായിരുന്നു ബിജെപിയുടെ പ്രചാരണം.
വിവാദങ്ങൾക്കൊപ്പമായിരുന്നു ശ്രീലേഖയുടെ സ്ഥാനാര്‍ഥിത്വവും പ്രചാരണവും. റിട്ടയര്‍ഡ് ആയിട്ടും സ്ഥാനാര്‍ത്ഥി പോസ്റ്ററില്‍ 'ഐപിഎസ്' എന്ന് ചേര്‍ത്തതിന് പിന്നാലെ ശ്രീലേഖ വലിയ വിമര്‍ശനം നേരിട്ടിരുന്നു. വോട്ടെടുപ്പ് ദിനത്തില്‍ ചട്ടവിരുദ്ധമായി തെരഞ്ഞെടുപ്പ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎക്ക് മുൻതൂക്കം എന്ന സര്‍വ്വേ ഫലമായിരുന്നു ശ്രീലേഖ പങ്കിട്ടിരുന്നത്. പോളിംഗ് കഴിയുന്നതുവരെ
ഇത് പ്രസിദ്ധീകരിക്കരുതെന്നാണ് ചട്ടം.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്രീലേഖ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അംഗത്വം സ്വീകരിച്ചത്. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രനില്‍ നിന്നാണ് ശ്രീലേഖ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ചേര്‍ത്തല എസ്പിയായി ഒദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ശ്രീലേഖ തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കെയാണ് ശ്രീലേഖ സര്‍വീസില്‍നിന്ന് വിരമിച്ചത്.
അതേസമയം, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇടത് കോട്ടകളില്‍ പോലും എല്‍ഡിഎഫിന് അടിപതറിയിരിക്കുകയാണ്. നില മെച്ചപ്പെടുത്തിയിരിക്കുകയാണ് എന്‍ഡിഎ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.
Content Highlights: local body polls 2025 bjp candidate r sreelekha won in sasthamangalam