

ഐസിസി ഇവൻ്റുകളുടെ സംപ്രേഷണാവകാശത്തില്‍ നിന്ന് ജിയോസ്റ്റാർ പിന്മാറിയെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ജിയോസ്റ്റാറിനുണ്ടായ കനത്ത സാമ്പത്തിക നഷ്ടമാണ് ഇത്തരമൊരു തീരുമാനമെടുത്തതിന് പിന്നിലെന്നും അഭ്യൂഹങ്ങൾ പുറത്തുവന്നു. ഇപ്പോഴിതാ വിഷയത്തിൽ ഇരുകമ്പനികളും ചേർന്ന് ഔദ്യോഗികമായി പ്രതികരണം പുറത്തുവിട്ടിരിക്കുകയാണ്.
ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് ഐസിസിയും ജിയോസ്റ്റാറും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണാവകാശം ജിയോസ്റ്റാറിനാണ്. അതിനിയും തുടരുമെന്ന് ഇരുകമ്പനികളും വ്യക്തമാക്കി.
ഐസിസിയും ജിയോസ്റ്റാറും തമ്മിൽ നാല് വര്‍ഷത്തെ കരാറാണ് നിലവിലുള്ളത്. കരാറനുസരിച്ച് സംപ്രേഷണാവകാശത്തിന്റെ കാലാവധി ഇനിയും രണ്ട് വര്‍ഷം കൂടിയുണ്ട്. വലിയ സാമ്പത്തിക ബാധ്യത വന്നതിനാല്‍ കരാറില്‍ നിന്നു ജിയോസ്റ്റാര്‍ പിന്‍മാറുകയാണെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. ശേഷിക്കുന്ന രണ്ട് വര്‍ഷം കൂടി തുടരാന്‍ നിര്‍വാഹമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ പിന്‍മാറ്റമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Content Highlights: ICC, JioStar break silence over media rights exit reports