

കൂട്ടുകുടുംബത്തിൽ ജനിച്ച് വളർന്ന തനിക്ക് ആദ്യ വിവാഹബന്ധം ജീവിതത്തിൽ വലിയ മാറ്റമായിരുന്നെന്ന് നടി ഉർവശി. ആദ്യ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് മദ്യപാനം തുടങ്ങിയതെന്നും പിന്നീട് തന്നെ അത് വല്ലാതെ ബാധിച്ചിരുന്നുവെന്നും ഉർവശി പറഞ്ഞു. ഭർത്താവിന്റെ വീട്ടിൽ പോയി ജീവിക്കാൻ ഉള്ളവൾ ആണ് പെൺകുട്ടി എന്ന രീതിയിലാണ് തെന്നെ വളർത്തിയതെന്നും ഉർവശി പറഞ്ഞു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ആദ്യവിവാഹം കഴിഞ്ഞു ചെല്ലുമ്പോൾ ആ വീട്ടിൽ നമ്മുടെ വീട്ടിലെ ചിട്ടകളായിരുന്നില്ല. അവിടെ എല്ലാവരും ഫോർവേർഡ് ആയ ആളുകൾ ആണ്. ഡ്രിങ്ക്‌സും ഭക്ഷണവും എല്ലാം ഒരുമിച്ചുരുന്നു കഴിക്കുന്നു. അമ്മയും മക്കളും ഒക്കെ ഒരുമിച്ചിരുന്നു ഡ്രിങ്ക്സ് ഒക്കെ കഴിക്കുന്ന ആളുകൾ, അങ്ങനെയുള്ള അന്തരീക്ഷത്തിൽ ചെല്ലുമ്പോൾ ഇതൊക്കെ സാധ്യം ആണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അതങ്ങു പൊരുത്തപ്പെട്ടു പോകാൻ ശ്രമിച്ചു ശ്രമിച്ചു പോയി. പിന്നെ ഇതെല്ലാം കഴിഞ്ഞു ജോലിക്ക് പോകുന്നു.
അങ്ങനെ ഞാൻ മറ്റൊരു ആളായി മാറിക്കൊണ്ടിരിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ഒരുപാട് വൈകിപ്പോയി. എനിക്ക് പ്രകടിപ്പിക്കാനും ആരുംഇല്ല . പിന്നെ ഞാൻ എടുത്ത തീരുമാനം ആയിരുന്നു വിവാഹം, അത് നല്ലതായിരുന്നു എന്ന് വീട്ടുകാരെ കാണിക്കാനും ഞാൻ ഒരുപാട് വാശി കാണിച്ചു. എല്ലാം അറിയുന്ന ആള് കലച്ചേച്ചി ആയിരുന്നു. നേരെ ആക്കാൻ ചേച്ചിയും ശ്രമിച്ചു. പക്ഷേ അപ്പോളേക്കും നമ്മൾ വേറെ ഒരാൾ ആയി മാറി കഴിഞ്ഞു.
ശ്രീദേവി മാമിനു ഷൂട്ടിങ്ങിനു ശേഷം ഒരുപാട് ടയേർഡ് ആകുമ്പോൾ അമ്മ തന്നെ ഡ്രിങ്ക്സ് കൊടുക്കുമായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് ചെന്ന് കേറിയ വീട്ടിൽ നിന്നും ആയിരുന്നു ആ എക്സ്പീരിയൻസ് കിട്ടിയത്. പക്ഷേ നമ്മൾ ഒറ്റയ്ക്ക് ആകുമ്പോൾ ഇതിനെ ഒരുപാട് ആശ്രയിക്കേണ്ടി വരികയും നമ്മുടെ ആരോഗ്യം മോശം ആവുകയും ചെയ്യും. എനിക്ക് അതിനും മാത്രമുള്ള ആരോഗ്യം ഇല്ല. ഉറക്കം നഷ്ടമാകുന്നു, ഭക്ഷണം കഴിക്കാൻ പറ്റാതെ വരുന്നു.
ഇത് രണ്ടും പോയ അവസ്ഥയിൽ മാനസിക നില മാറും. ഭക്ഷണവും ആരോഗ്യവും ഇല്ലാതെ ഇതിനെ മാത്രം ആശ്രയിച്ചു ജീവിച്ചു. പക്ഷെ എന്റെ സുഹൃത്തുക്കളും സ്റ്റാഫും എല്ലാവരും ചേർന്ന് എന്നെ അതിൽ നിന്നും മോചിപ്പിക്കാനും തീരുമാനം എടുക്കേണ്ടി വന്നു. ആ സമയത്ത് എന്റെ വീട്ടിൽ നിന്നും പിന്നെ കുറച്ചു ആളുകൾ പറഞ്ഞു ഒന്നും ഇനി ആരോടും പറയണ്ട എന്ന്. ഭർത്താവിന്റെ വീട്ടിൽ പോയി ജീവിക്കാൻ ഉള്ളവൾ ആണ് പെൺകുട്ടി എന്ന രീതിയിൽ ആണ് എന്നെ വളർത്തിയത്. ആ രീതിയിൽ ഞാൻ ജീവിച്ചു, അത് മാറാൻ കുറേകാലം എടുത്തു,' ഉർവശി പറഞ്ഞു.
Content Highlights: Urvashi about her marriage life