

നിറയെ ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. അനിരുദ്ധിന്റേതായി പുറത്തിറങ്ങുന്ന പാട്ടുകൾ എല്ലാം നിമിഷനേരങ്ങൾ കൊണ്ടാണ് ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുന്നത്. ഗാനങ്ങൾക്കൊപ്പം അനിരുദ്ധിന്റെ പശ്ചാത്തലസംഗീതത്തിനും ആരാധകർ ഏറെയാണ്. അനിരുദ്ധ് സംഗീതം നൽകി ഇനി പുറത്തിറങ്ങാനുള്ള ചിത്രം ജനനായകനാണ്. വിജയ്‌യുടെ അവസാന ചിത്രമായി ഒരുങ്ങുന്ന സിനിമയിൽ ഗാനം ഒരുക്കിയതിനെക്കുറിച്ച് അനിരുദ്ധ് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
'ജന നായകനിലെ ഒരു പാട്ട് റിലീസായി. വേറെ ഒരെണ്ണം അധികം വൈകാതെ പുറത്തിറങ്ങും. 27ന് ഓഡിയോ ലോഞ്ച് നടക്കാനിരിക്കുകയാണ്. വിജയ് സാറിന് വേണ്ടി സംഗീതമൊരുക്കുമ്പോഴെല്ലാം ഞാൻ സന്തോഷിക്കാറുണ്ട്. ആ ഒരു എക്സൈറ്റ്മെന്റിലാണ് ഞാൻ സ്കോറുകൾ തയാറാക്കിയിട്ടുള്ളത്. എന്നാൽ ഇത്തവണ ചെയ്തുതുടങ്ങിയപ്പോൾ ഹാപ്പിയായെങ്കിലും അവസാനമായപ്പോഴേക്ക് ഞാൻ വല്ലാതെ ഇമോഷണലായി. പാട്ട് ചെയ്ത് കഴിഞ്ഞ് സാറിനെ വിളിച്ചപ്പോഴും എന്താണെന്നറിയില്ല, കുറച്ച് ഇമോഷണലായി. ഇതുവരെ വിജയ്‌സാറിന് വേണ്ടി നാല് പടങ്ങൾ ചെയ്തിട്ടുണ്ട്.
കത്തി, മാസ്റ്റർ, ബീസ്റ്റ്, ലിയോ ഒക്കെ ചെയ്തപ്പോൾ സന്തോഷമായിരുന്നു. ഇനി അദ്ദേഹം അഭിനയിക്കുന്നില്ല എന്ന് അറിയുമ്പോൾ ചെറിയൊരു വിഷമമുണ്ട്. ഇത് ഫോൺ വിളിച്ചപ്പോൾ ഞാൻ സാറിനോട് പറയുകയും ചെയ്തു. പക്ഷേ, പടത്തിലെ 'വൺ ലാസ്റ്റ് ഡാൻസ്' ബ്ലാസ്റ്റ് ബ്ലാസ്റ്റായി ആരാധകരിലേക്കെത്തിക്കാനാണ് ആഗ്രഹിക്കുന്നത്,' അനിരുദ്ധ് പറഞ്ഞു.
"#JanaNayagan: Whenever I score for @actorvijay sir, i will be Happy but feeling this time🙁. I got emotional when I wished Vijay sir, as we did Kaththi, Master, Beast, LEO and it's last film💔. But that one last dance will be BLAST...BLAST💣🔥"
— AmuthaBharathi (@CinemaWithAB) December 12, 2025
- #Anirudhpic.twitter.com/Ll7mbzImuY
ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്‍റര്‍ടെയ്നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. 2026 ജനുവരി 9 ആണ് 'ജനനായകൻ' തിയേറ്ററിൽ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്.
Content Highlights: Anirudh says he got emotional when he composed a song for Vijay's film Jananayakam