

അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിയെ യുഎഇ താരങ്ങൾ സ്ലെഡ്ജ് ചെയ്തത് വാർത്തയായിരുന്നു. യുഎഇക്കെതിരായ ഉദ്ഘാടന മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിനിടെയായിരുന്നു വൈഭവിനെ യുഎഇ താരങ്ങൾ പ്രകോപിക്കാൻ ശ്രമിച്ചത്. മത്സരത്തിനിടെ തന്നെ ചൊറിയാൻ വന്ന താരത്തിന് വൈഭവ് ഉടൻ തന്നെ വായടപ്പിക്കുന്ന മറുപടിനൽകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് മത്സരശേഷം സംസാരിക്കുകയാണ് വൈഭവ്. താൻ വരുന്നത് ബിഹാറിൽ നിന്നാണെന്നും പിറകിൽ നിന്ന് പറയുന്ന കാര്യങ്ങൾ തന്നെ അലട്ടാറില്ലെന്നുമാണ് വൈഭവ് സ്ലെഡ‍്ജിങ്ങിനെ കുറിച്ച് സംസാരിച്ചത്. ഈ മറുപടി ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
14 year old Vaibhav Suryavanshi hammered 171 off 95 balls in the U19 Asia Cup
— Global Updates 🌍 (@GlobalUpdates7) December 12, 2025
a tremendous talent Team India got from Bihar. pic.twitter.com/kcwjZBrw0C
യുഎഇക്കെതിരായ മത്സരത്തിൽ വൈഭവ് 90 റൺസ് പിന്നിട്ടപ്പോഴായിരുന്നു സംഭവം. 32-ാം ഓവറിൽ യുഎഇ സ്പിന്നർ ഉദ്ദിഷ് സൂരി പന്തെറിയുന്നതിനിടെ വിക്കറ്റ് കീപ്പർ സലെ അമിനായിരുന്നു വൈഭവിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. 'കമോൺ ബോയ്സ്, ഇവൻ 90 കളിലെ ശാപമാണ്’ എന്നായിരുന്നു യുഎഇ വിക്കറ്റ് കീപ്പർ വൈഭവിനോട് പറഞ്ഞത്. ഇതുകേട്ടതും വൈഭവ് താരത്തിന്റെ വായടപ്പിക്കുന്ന മറുപടിയും ഉടൻ നൽകി. ‘നിന്റെ കൂടെ ഒരു സെൽഫിയെടുത്തോട്ടെ?’ എന്നായിരുന്നു ഇന്ത്യൻ താരത്തിന്റെ മറുപടി. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണങ്ങൾ ഇപ്പോൾ വൈറലാണ്.
പിന്നാലെ സെഞ്ച്വറി നേടിയ വൈഭവ് 171 റൺസെടുത്ത് പുറത്തായിരുന്നു. വൈഭവിന്റെ സെഞ്ച്വറിക്കരുത്തിൽ യുഎഇക്കെതിരെ ഇന്ത്യ 434 റൺസെന്ന ഹിമാലയൻ വിജയലക്ഷ്യം പടുത്തുയർത്തുയർത്തുകയും ചെയ്തു. വൈഭവിന്‍റെ സെഞ്ച്വറിക്ക് പുറമെ മലയാളി താരം ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര എന്നിവരുടെ അര്‍ധസെഞ്ച്വറികളും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു.
എന്നാൽ വൈഭവിന്റെ വെടിക്കെട്ട് ഇന്നിങ്സിന് മുന്നിൽ യുഎഇക്ക് മറുപടി ഉണ്ടായിരുന്നില്ല. 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയർത്തിയ 433 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമാണ് നേടിയത്. 234 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്.
Content Highlights: Under-19 Asia Cup 2025: Vaibhav Suryavanshi's Epic Response On Sledging By UAE Players