

ഈരാറ്റുപേട്ട: റോബിന്‍ ബസ് ഉടമ ഗിരീഷിന് (ബേബി ഗിരീഷ്) തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഗിരീഷ് മത്സരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം 73 വോട്ടുകള്‍ മാത്രമേ ഗിരീഷിന് നേടാന്‍ സാധിച്ചുള്ളു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെറ്റോ ജോസ് ആണ് എട്ടാം വാര്‍ഡില്‍ വിജയിച്ചത്.
പോസ്റ്ററുകളും ഫ്‌ളെക്‌സും ഒഴിവാക്കി ഡിജിറ്റല്‍ പ്രചാരണം മാത്രമേ നടത്തുകയുള്ളുവെന്ന് പറഞ്ഞായിരുന്നു ഗിരീഷ് മത്സരരംഗത്ത് ഇറങ്ങിയത്. വാര്‍ഡിലുള്ളവര്‍ക്ക് എല്ലാം തന്നെ അറിയാമെന്ന ആത്മവിശ്വാസത്തിലായിരുന്നു റോബിന്‍ തെരഞ്ഞെടുപ്പ് നേരിട്ടത്. പെര്‍മിറ്റിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിനോടും സര്‍ക്കാരിനോടും ഏറ്റുമുട്ടിയതോടെയാണ് റോബിന്‍ ബസ് ഉടമ റോബിന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.
കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാന്‍ അധികാരമില്ലെന്നിരിക്കെ തുടര്‍ച്ചയായ പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ റോബിന്‍ ബസിന് നിരവധി തവണ പിഴയിട്ടിരുന്നു. എന്നാല്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം സര്‍വീസ് നടത്താനും ബോര്‍ഡ് വെച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്ന് വാദിച്ച് ഗിരീഷ് നിരന്തരം നിയമപോരാട്ടം നടത്തിയെങ്കിലും കോടതിയില്‍ നിന്ന് തിരിച്ചടി നേരിടുകയും ചെയ്തിരുന്നു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.
Content Highlights: local body election result 2025 Robin Bus owner defeated