കോൺഗ്രസിന്റെ യുവതുർക്കി; എൽഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് റിജിൽ മാക്കുറ്റി

ആദികടലായി ഡിവിഷനില്‍ 713 വോട്ടുകള്‍ക്കാണ് റിജില്‍ വിജയിച്ചത്.

കോൺഗ്രസിന്റെ യുവതുർക്കി; എൽഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് റിജിൽ മാക്കുറ്റി
dot image

കണ്ണൂര്‍: കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റി. ആദികടലായി ഡിവിഷനില്‍ 713 വോട്ടുകള്‍ക്കാണ് റിജില്‍ വിജയിച്ചത്. ഇടതുപക്ഷം കഴിഞ്ഞ രണ്ട് തവണയും ഭരിച്ചിരുന്ന ഡിവിഷനാണ് റിജിലിലൂടെ യുഡിഎഫിന് കിട്ടിയിരിക്കുന്നത്.

റിജില്‍ മാക്കുറ്റി 1404 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ എം കെ ഷാജി നേടിയത് 691 വോട്ടുകളാണ്. റിജില്‍ മാക്കുറ്റിക്കെതിരെ ശക്തമായ പ്രചരണമായിരുന്നു എല്‍ഡിഎഫ് നടത്തിയത്. യുഡിഎഫ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് നാദാപുരത്ത് വെച്ച് റിജില്‍ മാക്കുറ്റിക്കെതിരെ ഡിവൈഎഫ്‌ഐ കൊലവിളി പ്രകടനം നടത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസ് മുഖമായാണ് റിജില്‍ പൊതുശ്രദ്ധ നേടിയത്.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

Content Highlights: local body election result 2025 Rijil Makkutty won LDF sitting seat in Kannur Corporation

dot image
To advertise here,contact us
dot image