പയ്യന്നൂര്‍ നഗരസഭയില്‍ സിപിഐഎമ്മിന് ഷോക്ക്; വിമതനായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖിന് വിജയം

കോണ്‍ഗ്രസ് എസിലെ പി ജയന്‍ ആയിരുന്നു വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പയ്യന്നൂര്‍ നഗരസഭയില്‍ സിപിഐഎമ്മിന് ഷോക്ക്; വിമതനായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖിന് വിജയം
dot image

കണ്ണൂര്‍: പയ്യന്നൂര്‍ നഗരസഭയില്‍ സിപിഐഎമ്മിന് തിരിച്ചടി. വിമതനായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് വിജയിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ 36-ാം വാര്‍ഡിലേക്കാണ് കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സ്വതന്ത്രനായി മത്സരിച്ചത്. കോണ്‍ഗ്രസ് എസിലെ പി ജയന്‍ ആയിരുന്നു വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന്‌ പുറത്താക്കിയതോടെയാണ്

സി വൈശാഖ് പാർട്ടിയുമായി ഇടഞ്ഞത്. തന്നെ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിൽ പയ്യന്നൂർ നോർത്ത് ലോക്കൽ സെക്രട്ടറിയും മറ്റു ചിലരും കൂടിയാണെന്നതടക്കം ആരോപണങ്ങൾ വൈശാഖ് ഉന്നയിച്ചിരുന്നു. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങളിൽപ്പെട്ടവർ അടക്കം വന്ന് കാരയിലെ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികൾ അടക്കമുള്ള പ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്നും അതിൽ ഒരാളുടെ പേരിൽ മാത്രമാണ് പാർട്ടി ഒൻപതുമാസം കഴിഞ്ഞ് നടപടിയെടുത്തതെന്നും മറ്റുള്ളവർക്കെതിരെ നടപടിയുണ്ടായില്ലെന്നും വൈശാഖ് ആരോപിച്ചിരുന്നു. കാര ഭാഗത്തെ മൂന്ന് ബ്രാഞ്ചുകളിലായി മുപ്പതോളം പാർട്ടി അംഗങ്ങൾ പാർട്ടിയുമായി ഇടഞ്ഞിരുന്നു. ഇവരുടെ പിന്തുണയോടെയാണ് വൈശാഖ് മത്സരത്തിനിറങ്ങാൻ തീരുമാനിച്ചതും വിജയിച്ചതും.

14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്.

രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി.

Content Highlights: local body election result 2025 cpim former branch secretary won in Payyannur

dot image
To advertise here,contact us
dot image