കൊച്ചി: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കർട്ടൻ റെയ്സറായി കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങി. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റ് എണ്ണിയാണ് വോട്ട് എണ്ണല്‍ തുടങ്ങുന്നത്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റാണ്. രാവിലെ 8.30ഓടെ ഗ്രാമപഞ്ചായത്ത് വാർഡുകളിലെയും തുടർന്ന് മുൻസിപ്പാലിറ്റി വാർഡുകളിലെ ഫലം വന്ന് തുടങ്ങും. മറ്റ് ഫലങ്ങൾ അറിഞ്ഞ് തുടങ്ങാൻ 9.30 വരെ കാത്തിരിക്കേണ്ടി വരും.
രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി.
Live News Updates
Dec 13, 2025 08:58 AM
തലശ്ശേരി നഗരസഭയിൽ അക്കൗണ്ട് തുറന്ന് SDPI
തലശ്ശേരി നഗരസഭയിലെ ബാലത്തിൽ വാർഡിൽ എസ്ഡിപിഐയുടെ റഹീമിന് വിജയം
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ വോട്ടെണ്ണൽ രാവിലെ 8 മുതൽ
ബ്ലോക്കുതല കേന്ദ്രങ്ങളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭ, കോർപറേഷൻ തലങ്ങളിൽ അതതു സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ബ്ലോക്കുതല കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പരിധിയിലെ ഗ്രാമപ്പഞ്ചായത്ത് വരണാധികാരികൾക്കു പ്രത്യേകം ഹാളുകളും.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ തപാൽ ബാലറ്റുകൾ അതതു വരണാധികാരികളുടെ മേശകളിൽ എണ്ണും. ജില്ലാ പഞ്ചായത്തുകളിലെ തപാൽ ബാലറ്റുകൾ എണ്ണാനുള്ള കേന്ദ്രങ്ങൾ കലക്ടറേറ്റുകളിൽ.
തപാൽ ബാലറ്റ് ആദ്യം
ആദ്യം വരണാധികാരിയുടെ മേശയിൽ തപാൽ ബാലറ്റ് എണ്ണിത്തുടങ്ങും. വോട്ടെ ണ്ണൽ തുടങ്ങുന്നതിനു തൊട്ടുമുൻപുവരെ ലഭിക്കുന്ന തപാൽ വോട്ടുകൾ കവർ പൊട്ടിച്ച് എല്ലാ ഫോമുകളും ഉണ്ടോയെന്നു പരിശോധിച്ച ശേഷമാകും എണ്ണുക. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന തപാൽ ബാലറ്റുകൾ 'വൈകി ലഭിച്ചു' എന്നു രേഖപ്പെടുത്തി എണ്ണാതെ മാറ്റിവയ്ക്കും.
സ്ട്രോങ് റൂമിൽനിന്ന് ഹാളിലേക്ക്
വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്‌ഥാനാർഥികൾ, ഏജൻ്റുമാർ എന്നി വരുടെ സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറന്ന് ഓരോ വാർഡിലെയും വോട്ടിങ് മെഷീനു കളുടെ കൺട്രോൾ യൂണിറ്റുകൾ വോട്ടെണ്ണൽ ഹാളിലേക്ക് എത്തിക്കും.
വാർഡ് 1 മുതലുള്ള ക്രമത്തിലാണ് മെഷീനുകൾ എത്തിക്കുക. ഒരു വാർഡിലെ എല്ലാ ബൂത്തുകളും ഒരു മേശയിൽ എണ്ണും.
സ്ഥാനാർഥിയുടെയോ അവർ നിയോഗിക്കുന്ന കൗണ്ടിങ് ഏജൻ്റുമാരുടെയോ സാന്നിധ്യം ഓരോ മേശയിലും, ത്രിതല പഞ്ചായത്തുകൾക്ക് ഓരോ മേശയിലും കൗണ്ടിങ് സൂപ്പർവൈസർ, 2 കൗണ്ടിങ് അസിസ്‌റ്റൻ്റുമാർ. നഗരസഭകളിലും കോർപറേഷനുകളിലും ഒരു കൗണ്ടിങ് സൂപ്പർവൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും.
ഓരോ പഞ്ചായത്തിൻ്റെയും നഗരസഭയുടെയും കൗണ്ടിങ് ഹാളിൽ റിട്ടേണിങ് ഓഫിസറുടെ മേശയ്ക്കു സമീപം വോട്ടെണ്ണൽ, ടാബുലേഷൻ, പാക്കിങ്, സിലിങ് എന്നിവയ്ക്കു പ്രത്യേകം മേശകൾ.
പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിനനുസരിച്ച് വോട്ടെണ്ണാൻ പഞ്ചായത്തുകളിൽ വരണാധികാരിക്കു കീഴിൽ പരമാവധി 8 മേശ കളും നഗരസഭകളിൽ പരമാവധി 16 മേശകളും.
സ്വിച്ചിൽ തൊട്ടാൽ ഫലം
കൺട്രോൾ യൂണിറ്റിൽ സീൽ, ടാഗ് എന്നിവ ഉണ്ടെന്നു പരിശോധിച്ച് ഉറപ്പാക്കും.
കൗണ്ടിങ് സൂപ്പർവൈസർ കൺട്രോൾ യൂണിറ്റ് സ്വിച്ച് ഓൺ ചെയ്യും. ഡിസ്പ്ലേയിൽ പച്ച ലൈറ്റ് തെളിയും. റിസൽറ്റ് ബട്ടണിനു മുകളിലെ പേപ്പർ സീൽ പൊട്ടിക്കും. തുടർന്നു ബട്ടൺ അമർത്തും.
പോസ്റ്റ് 1, പോസ്‌റ്റ് 2, പോസ്‌റ്റ് 3 എന്നിങ്ങനെ ഘട്ടങ്ങളായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഫലം പുറത്തുവരും
നഗരസഭയിലും കോർപറേഷനിലും ഒരു വോട്ടു മാത്രമായതിനാൽ ഒറ്റഫലം മാ ത്രവും. ഉദാ: പഞ്ചായത്തുകളിൽ പോസ്‌റ്റ് 1 കഴിഞ്ഞാൽ പോൾ ചെയ്ത വോട്ട്, അണ്ടർ വോട്ട് (3 വോട്ട് ചെയ്യേണ്ടിടത്ത് ഒന്നോ രണ്ടോ വോട്ട് ചെയ്യാതിരുന്നാൽ അതിൻ്റെ എണ്ണം), സ്‌ഥാനാർഥികളുടെ എണ്ണം എന്നിവ എഴുതിക്കാണിക്കും. ശേഷം ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട് കാണിക്കും.
കൗണ്ടിങ് അസിസ്‌റ്റൻ്റുമാർ ടാബുലേഷൻ ഫോമിൽ രേഖപ്പെടുത്തുന്ന ഫലം, കൗണ്ടിങ് സൂപ്പർവൈസർമാർ ഫോം 24 എയിൽ രേഖപ്പെടുത്തും. ഇത് അപ്പോൾത്തന്നെ വരണാധികാരിക്കു നൽകും.